മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷം, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും സ്‌കീമില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇന്‍ഷ്വറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തും. 41 സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തും.

മെഡിസെപ് ഒന്നാം ഘട്ടത്തില്‍ കറ്റാസ്‌ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator – 6 lakh, ICD Dual Chamber – 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇന്‍ഷുറന്‍സ് കമ്പനി രണ്ട് വര്‍ഷത്തേക്ക് 40 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവെക്കണം. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഒരുശതമാനംവരെ മുറി വാടക (5000/ദിവസം)യായി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേ വാര്‍ഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.

സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമാക്കി. രണ്ടാംവര്‍ഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വര്‍ധനവുണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News