KeralaNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി ‘മെഡിസെപ്’ നിലവിൽ വന്നു,അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘മെഡിസെപ്’ നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. മെഡിസെപ് പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസിന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരലക്ഷം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 300 ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും. ആരോഗ്യ സുരക്ഷ സാമൂഹ്യ സുരക്ഷയിൽ പ്രധാനമാണ്. കഴിഞ്ഞ വർഷം 319 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് നിർധനർക്ക് ചികിത്സാ സഹായം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. 

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മെഡിസെപ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് നടപടി തുടങ്ങിയെങ്കിലും മെഡിസെപിൽ ആദ്യ ഉത്തരവിറക്കിയത് ഒന്നാം പിണറായി സർക്കാറാണ്. പത്താം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. 


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായാണ്  ‘മെഡിസെപ്പ്’ നിലവിൽ വരുന്നത്. പ്രതിവർഷം 4,800 രൂപ പ്രീമിയവും പിന്നെ ജിഎസ്ടിയുമാണ് പദ്ധതിക്കായി അടക്കേണ്ടത്. ഈ മാസം മുതൽ 500 രൂപ ശമ്പളത്തിൽ നിന്നും പിടിക്കും. മൂന്ന് ലക്ഷമാണ് ചികിത്സാപരിധി. ഒപി ചികിത്സക്ക് പരിരക്ഷയുണ്ടാകില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല. 

ആദ്യം കരാർ കിട്ടിയത് റിലയൻസിനാണ്. പക്ഷെ ചികിത്സാ നിരക്കിനോട് ഭൂരിപക്ഷം ആശുപത്രികളും മുഖം തിരിച്ചതോടെ പദ്ധതിയിൽ അനിശ്ചിതത്വമായി. ഒടുവിൽ റിലയൻസുമായുള്ള കരാർ റദ്ദാക്കി. കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തുകയും ചെയ്കു. പിന്നീട് ചികിത്സാ നിരക്ക് കൂട്ടി നിശ്ചയിച്ച ശേഷം വീണ്ടും ടെണ്ടർ വിളിക്കുകയായിരുന്നു. പുതിയ നിരക്കിനോട് കൂടുതൽ ആശുപത്രികൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സഹകരിക്കുന്ന ആശുപത്രികളുടെ മുഴുവൻ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല പ്രീമിയം തുകയുടെ ഒരു ഭാഗം സർക്കാർ അടക്കണമെന്ന് പ്രതിപക്ഷ സംഘടനാകൾ നേരത്തെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം അതിന് കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker