അങ്കമാലി: കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറിൽ സഞ്ചരിച്ചിരുന്നത് രണ്ട് മെഡിക്കൽ വിദ്യാർഥികൾ. ചാലാക്ക മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ്, സഹപാഠി അക്ഷയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനവും പിടിച്ചെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി.
കാറോടിച്ചിരുന്ന സിറിയക്കിനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അപകടംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നീതി ലഭിക്കണമെന്നാശ്യപ്പെട്ട് മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനികൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ., എ.ഐ.വൈ.എഫ്. എന്നീ സംഘടനകളും പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി.
ജസ്‌ലിയയുടെ ചേതനയറ്റ ശരീരം കലാലയ മുറ്റത്തെത്തിപ്പോൾ സഹപാഠികളും അധ്യാപികമാരും വാവിട്ടുകരഞ്ഞു. കോളേജിലെ നിറസാന്നിധ്യമായിരുന്ന ജസ്‌ലിയ ചേതനയറ്റ്, വെള്ളപുതച്ച് കിടക്കുന്ന കാഴ്ച അവർക്ക് ഉൾക്കൊള്ളാനായില്ല. സഹപാഠികളെ ആശ്വസിപ്പിക്കാൻ അധ്യാപികമാർ പാടുപെട്ടു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, പിടഞ്ഞ മനസ്സോടെയാണ് സഹപാഠികൾ പ്രിയ കൂട്ടുകാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. കാറിടിച്ചുമരിച്ച ജസ്‌ലിയയുടെ മൃതശരീരം ബുധനാഴ്ച രാവിലെ അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ കൊണ്ടുവന്നു. ഒരുമണിക്കൂറോളം കോളേജിൽ പൊതുദർശനത്തിനുവെച്ചു. കോളേജിൽ പ്രത്യേകം പ്രാർഥനയും ഉണ്ടായിരുന്നു.
റോജി എം. ജോൺ എൽ.എൽ.എ., അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ റീത്താപോൾ, വൈസ് ചെയർമാൻ വിത്സൺ മുണ്ടാടൻ, കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷെബി ജോർജ്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, വൈസ് പ്രസിഡന്റ് സി.വൈ. ശാബോർ തുടങ്ങിയവരും വൈദികരും കന്യാസ്ത്രീകളും അന്ത്യോപചാരമർപ്പിച്ചു.
അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനിയായ ജസ്‌ലിയ സ്പോർട്‌സിലും മികവ് പുലർത്തിയിരുന്നു. പാർട്ട്‌ടൈം ജോലിചെയ്താണ് പഠനാവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്‌ലിയയെ കാറിടിച്ച് തെറിപ്പിച്ചത്. ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്‌ലിയയുടെ അവയവങ്ങൾ ദാനംചെയ്തു.
നാലുപേർക്ക് ജീവിതത്തിലേക്ക് വഴി തെളിച്ച ജസ്‌ലിയ ജോൺസന് (19) നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റ്‌മോർട്ടത്തിനുശേഷം അന്ത്യകർമങ്ങൾക്കായി ബുധനാഴ്ച ഉച്ചയോടെ മൃതദേഹം എടവനക്കാടുള്ള വീട്ടിലെത്തിച്ചപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ജസ്‌ലിയയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേർ തടിച്ചുകൂടിയിരുന്നു. വൈകീട്ട് മൂന്നുമണിയോടെ അന്ത്യകർമങ്ങൾ ആരംഭിച്ചു. മാതാപിതാക്കൾ അന്ത്യചുംബനം നൽകി മകളെ യാത്രയാക്കിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് വിലാപയാത്രയായി കൊണ്ടുവന്ന് മൃതദേഹം കുഴുപ്പിള്ളി സെയ്ന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.
എടവനക്കാട് സെയ്ന്റ് അംബ്രോസ് പള്ളിക്ക് സമീപം കളത്തിപ്പറമ്പിൽ ജോൺസന്റെയും ലിമയുടെയും മകളായ ജസ്‌ലിയ 28-നാണ് അങ്കമാലി യിൽ അപകടത്തിൽപെട്ടത്. ചികിത്സയ്ക്കിടെ മസ്തിഷ്‌കമരണം സംഭവിച്ചതിനെത്തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മൃതദേഹം എടവനക്കാടുള്ള വസതിയിൽ എത്തിച്ചത്.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ., കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവരും മറ്റ് ജനപ്രതിനിധികളും ഞാറയ്ക്കൽ പോലീസും ആദരാഞ്ജലികൾ അർപ്പിച്ചു.
Two medical students have been identified as the occupants of the car that hit and severely injured Jasliya, a college student, in a hit-and-run incident. Cyriac George, a house surgeon from Athirampuzha, Kottayam, who completed his MBBS at Chalaka Medical College, was driving the vehicle. His classmate, Akshay, was also in the car. Police have registered a non-bailable case against Cyriac and seized the vehicle. Akshay appeared at the Angamaly police station on Wednesday to provide his statement regarding the accident

