തിരുവനന്തപുരം : ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. മാര്‍ച്ച് ഒന്നിന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) മൂന്നിന് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷനും (കെ.ജി.എം.സി.ടി.എ) പ്രതിഷേധം സംഘടിപ്പിക്കും.
പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ സ്വയരക്ഷയും കുടുംബത്തെയും മറന്ന് പോരാടിയ ഡോക്ടര്‍മാര്‍ക്ക് കോവിഡ് കാലഘട്ടത്തുപോലും ശമ്പളവും ആനുകൂല്യങ്ങളും നിഷ്കരുണം വെട്ടിക്കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. മാര്‍ച്ച് ഒന്നു മുതല്‍ രോഗീപരിചരണം ബാധിക്കാത്ത തരത്തില്‍ നിസ്സഹകരണങ്ങളിലേക്കും കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറല്‍ സെക്രട്ടറി ഡോ. ടി.എന്‍. സുരേഷും പറഞ്ഞു.