പ്രത്യുല്‍പാദന ശേഷി കുറയുന്നു ; മനുഷ്യയുഗം ഉടൻ അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ
മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പ്. ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെർട്ടിലിറ്റി പ്രതിസന്ധി മാറുമെന്ന് പുസ്തകത്തിൽ പറയുന്നു. ഇതിന്റെ പ്രധാന കാരണം നിലവിലെ പ്രത്യുൽപാദന പ്രശ്നങ്ങാളാണ്. ഇവ മനുഷ്യജീവന് തന്നെ ഭീഷണിയാകും. 1973 നും 2011 നും ഇടയിൽ വെസ്റ്റേൺ രാജ്യങ്ങളിൽ ബീജങ്ങളുടെ എണ്ണം 59% കുറഞ്ഞുവെന്നും ആഗോള തലത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തു വന്നിരുന്നെന്നും സ്വാൻ പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ൽ പൂജ്യത്തിലെത്തുമെന്നും സ്വാൻ വ്യക്തമാക്കുന്നു.
ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരൻ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗർഭനിരോധന മാർഗ്ഗങ്ങൾ, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവ മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കുമെന്ന് പുസ്തകത്തിൽ പറയുന്നു.