കോഴിക്കോട്: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടർന്നുള്ള വിലക്കിൽ മീഡിയവണ്‍ ചാനൽ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസിന്റെ പ്രതികരണം പുറത്ത്. മീഡിയവണ്‍ ടി.വിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് സി.എല്‍. തോമസ് പറഞ്ഞു.
നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആര്‍.എസ്.എസിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചുവെന്നത് സംപ്രേഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതും സാമുദായിക സൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ്. ഇത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ്.
അടിയന്തരാവസ്ഥക്കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയവണ്‍ ടി.വിയുടെ തീരുമാനമെന്നും പ്രസ്താവനയില്‍ പറഞ്ഞു.