ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയ്ക്കെതിരെ ട്വിറ്ററില്‍ മി ടൂ ക്യാമ്പയ്ന്. 2018 ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ക്യാമ്പയ്ന് പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ചരണ്‍ജീതിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമൂഹമാദ്ധ്യമത്തില്‍ ഉയരുന്ന ശക്തമായ ആവശ്യം. സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്ക്ക് ചരണ്‍ജീത് അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതില്‍ ചരണ്ജീതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. # ArrestCharanjitChanni എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചരണ്‍ജീത് സിംഗ് രാജിവയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സ്ത്രീയോട് മോശമായി പെരുമാറിയ ഒരാള്‍ മുഖ്യമന്ത്രിയാകുന്നത് കോണ്‍ഗ്രസ് ഭരണത്തില്‍ മാത്രമേ കാണാന്‍ സാധിക്കുള്ളുവെന്നും വിമര്‍ശനം ഉയരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശൈശവ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ബില്ല് പാസാക്കി. ഇപ്പോള്‍ ഇതാ ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലായിരുന്നു ചരണ്‍ജീത് സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായത്. ഇതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ പ്രതികരണം.
കുറച്ച് മണിക്കൂറുകള്‍ മുമ്പാണ് പഞ്ചാബിന്റെ 16ാമത് മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യാപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ഒ പി സോണി, സുഖ്ജീന്ദര്‍ രണ്‍ദാവെ എന്നിവര്‍ ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങുകള്‍ക്ക് ശേഷം ചരണ്‍ജീത് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത്, സംസ്ഥാന അദ്ധ്യക്ഷന്‍ നവജോത് സിംഗ് സിദ്ധു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഹരീഷ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രണ്‍ചീത് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്.
പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജീത്. ചാംകൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം അമരീന്ദര്‍ സിംഗ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരന് കൂടിയാണ് ചരണ്‍ചീത് സിംഗ് ചന്നി. ഇന്നെലായണ് പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചരണ്‍ജീതിനെ തെരഞ്ഞെടുത്തത്. സിദ്ധുവിന്റെ അടുപ്പക്കാരനായ ചരണ്‍ജീത് മുഖ്യമന്ത്രിയാകുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് അമരീന്ദര്‍ പക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ചരണ്‍ജീതിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.