ദോഹ: ലോകകപ്പില്‍ ഫ്രാന്‍സ്- ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കാനിരിക്കെ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കൈല്‍ വാക്കര്‍. എംബാപ്പെ മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ തങ്ങള്‍ കളിക്കുന്നത് ടെന്നീസല്ലെന്നും വാക്കര്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലാണെന്നും, ഇംഗ്ലണ്ടും എംബാപ്പെയും തമ്മില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബാപ്പെ മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങള്‍ കളിക്കുന്നത് ടെന്നീസല്ല. ഇത് വ്യക്തിഗത മത്സരമല്ല, ഒരു ടീം ഗെയിം ആണ്. അദ്ദേഹം മഹാനായ കളിക്കാരനായതിലാണ് ഇത്തരം ചോദ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. അര്‍ഹമായ ബഹുമാനം നല്‍കുമെങ്കിലും ഞങ്ങള്‍ അദ്ദേഹത്തിന് ചുവപ്പുപരവതാനി വിരിക്കില്ല. ഞങ്ങള്‍ അദ്ദേഹത്തെ തടയുക തന്നെ ചെയ്യുമെന്നും കൈല്‍ വാക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോകകപ്പിലെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ അഞ്ചു ഗോളുകളോടെ തനിച്ച് ഒന്നാമതാണ് എംബാപ്പെ. രണ്ട് അസിസ്റ്റുകളും എംബാപ്പെയുടെ പേരിലുണ്ട്. ഖത്തര്‍ ലോകകപ്പില്‍ നാല് കളികളില്‍ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകള്‍ നേടിയത്. കഴിഞ്ഞ ലോകകപ്പിലെ 4 ഗോളുകള്‍ കൂടി ചേര്‍ത്താല്‍ ആകെ 11 മത്സരങ്ങളില്‍ 9 ഗോളുകള്‍. ഇതോടെ രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.