ദോഹ: കളിക്കളത്തിലെ അഹങ്കാരി എന്ന ചീത്തപ്പേരുണ്ട് ഫ്രാന്‍സിന്‍റെ സൂപ്പര്‍സോണിക് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്ക്. വിമര്‍ശകര്‍ ഏറെയുണ്ടെങ്കിലും അതിവേഗവും അപാര ഗോളടി മികവുമുള്ള ഒരു താരത്തിന് അല്‍പം അഹങ്കാരം മോശമല്ലാ എന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്ക് എതിരായ സെമി ഫൈനലിന് മുമ്പ് പരിശീലനത്തിനിടെ തന്‍റെ ഷോട്ട് കൊണ്ട് മുഖത്ത് പരിക്കേറ്റ ആരാധകനെ ആശ്വസിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് എംബാപ്പെ ഇപ്പോള്‍.
മൊറോക്കോയ്‌ക്ക് എതിരായ മത്സരത്തിന് മുമ്പ് ഫ്രാന്‍സ് താരങ്ങളുടെ വാംഅപിനിടെയായിരുന്നു സംഭവം. ലക്ഷ്യം തെറ്റി പാഞ്ഞ എംബാപ്പെ മിസൈല്‍ ഏറ്റ് ഗാലറിയിലുണ്ടായിരുന്ന ആരാധകന് പരിക്കേല്‍ക്കുകയായിരുന്നു. ഉടനടി മൈതാനത്തിന്‍റെ അതിരില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് ചാടിക്കടന്ന് എംബാപ്പെ ഈ ആരാധകനെ ആശ്വസിപ്പിക്കാനെത്തി. ആരാധകന്‍റെ കയ്യില്‍പ്പിടിച്ച് സുഖവിവരം തിരക്കിയ എംബാപ്പെ അദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. മൊറോക്കോയ്‌ക്ക് എതിരായ സെമിയില്‍ എതിരില്ലാതെ രണ്ട് ഗോളിന് ജയിച്ച് ഫ്രാന്‍സ് ഫൈനലിന് യോഗ്യത നേടിയപ്പോള്‍ മൈതാനത്തും എംബാപ്പെ താരമായി. ഫ്രാന്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോളോ മുവാനി ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്‍റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ഫിഫ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന നേട്ടം നേരത്തെ മൊറോക്കോ സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തുകൊണ്ടാണ് ഫ്രഞ്ച് പടയോട്ടം. ഞായറാഴ്‌ച നടക്കുന്ന കലാശപ്പോരില്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍.