കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു; കുട്ടികളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ കയ്പമംഗലത്ത് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടിയ പിതാവ് മരിച്ചു. മൂന്നുപീടിക ബീച്ച് റോഡ് സ്വദേശി ശിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ടരയും നാലരയും വയസ്സുള്ള കുട്ടികളേയും എടുത്ത് ശിഹാബ് വീട്ടുമുറ്റത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് ശിഹാബിന്റെ ഭാര്യ വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാരും സമീപവാസികളും സംഭവം അറിയുന്നത്.

ഉടന്‍ തന്നെ മൂന്നുപേരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.ടൈല്‍സ് കട ഉടമയായ ശിഹാബിന് കടയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News