കോഴിക്കോട്: പുള്ളവൂരില്‍ സ്ഥാപിച്ച മെസിയുടെ കട്ടൗട്ട് നീക്കം ചെയ്ത അര്‍ജന്റീനിയന്‍ ആരാധകരെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. കട്ടൗട്ടുകള്‍ നീക്കം ചെയ്ത പുള്ളാവൂരിലെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് എം ബി രാജേഷ് അറിയിച്ചു. ലോകകപ്പില്‍ ജപ്പാന്‍ ടീമും ജാപ്പനീസ് ആരാധകരും സൃഷ്ടിച്ച മാതൃക നമുക്കും പിന്തുടരാനാകണം.
കളി കഴിഞ്ഞാല്‍ സ്റ്റേഡിയമാകെ ശുചിയാക്കി ആരാധകരും, ഡ്രസിംഗ് റൂമുള്‍പ്പെടെ വൃത്തിയാക്കി താരങ്ങളും ലോകത്തിന്റെ മനംനിറച്ചു. പുറത്തായ മത്സരത്തില്‍ പോലും ഡ്രസിംഗ് റൂം വൃത്തിയാക്കിയാണ് താരങ്ങള്‍ സ്റ്റേഡിയം വിട്ടത്. സമൂഹ്യപ്രതിബദ്ധതയോടെയുള്ള ഈ ആഘോഷവും ആരാധനയും നമുക്കും പിന്തുടരാമെന്ന് എം ബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. എം ബ്ി രാജേഷിന്റെ വാക്കുകളിലേക്ക്.
പുള്ളാവൂരിലെ മെസി ആരാധകരെ.. സല്യൂട്ട്..
ലോകമാകെ ശ്രദ്ധിച്ച പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് ആരാധകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും ഇന്ന് ഉച്ചയോടെ തന്നെ നീക്കം ചെയ്‌തെന്നാണ് മനസിലാക്കുന്നത്. കട്ടൗട്ടുകള്‍ നീക്കം ചെയ്ത പുള്ളാവൂരിലെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
ലോകകപ്പില്‍ ജപ്പാന്‍ ടീമും ജാപ്പനീസ് ആരാധകരും സൃഷ്ടിച്ച മാതൃക നമുക്കും പിന്തുടരാനാകണം. കളി കഴിഞ്ഞാല്‍ സ്റ്റേഡിയമാകെ ശുചിയാക്കി ആരാധകരും, ഡ്രസിംഗ് റൂമുള്‍പ്പെടെ വൃത്തിയാക്കി താരങ്ങളും ലോകത്തിന്റെ മനംനിറച്ചു. പുറത്തായ മത്സരത്തില്‍ പോലും ഡ്രസിംഗ് റൂം വൃത്തിയാക്കിയാണ് താരങ്ങള്‍ സ്റ്റേഡിയം വിട്ടത്. സമൂഹ്യപ്രതിബദ്ധതയോടെയുള്ള ഈ ആഘോഷവും ആരാധനയും നമുക്കും പിന്തുടരാം.
ബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള ആഹ്വാനത്തെ, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിനും ഈ നിബന്ധന ബാധകമാണോ എന്ന മറുചോദ്യവുമായാണ് ചിലര്‍ നേരിട്ടത്. കേരളത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന എല്ലാ ബോര്‍ഡുകള്‍ക്കും ഈ നിബന്ധന ബാധകമാണെന്ന് വിനയപൂര്‍വം വ്യക്തമാക്കട്ടെ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് ജനവിധി തേടിയപ്പോള്‍ സ്വീകരിച്ച മാതൃക ഏവരും മനസിലാക്കേണ്ടതാണ്.
വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ബോര്‍ഡുകളും ശേഖരിച്ച്, സംസ്‌കരിച്ച് പൂച്ചെട്ടികളും ബക്കറ്റും പോലെയുള്ള വസ്തുക്കളാക്കിമാറ്റി, മണ്ഡലത്തിലെ ക്ലബ്ബുകളിലും വിദ്യാലയങ്ങളിലും വിതരണം ചെയ്തു. എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലും കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലുമുള്‍പ്പെടെ പരിപാടികള്‍ കഴിഞ്ഞയുടന്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തത് വാര്‍ത്തകളായി വന്നതും ഓര്‍മ്മപ്പെടുത്തട്ടെ.
എല്ലാം പൂര്‍ണമാണെന്നല്ല, ഈ നല്ല ചുവടുവെപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഓര്‍മ്മിപ്പെടുത്തുകയാണ്. ഈ സംസ്‌കാരം വ്യാപിപ്പിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, കൂട്ടായ്മകളും സംഘടനകളും ഈ രീതി പാലിക്കാന്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ഥിക്കുകയാണ്.