കൊച്ചി: കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിൽ. പ്രതിഷേധത്തിൽ പങ്കെടുത്ത 30 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉണ്ടായ അറസ്റ്റ്.
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടേയും എൽദോസ് കുന്നപ്പള്ളി എം.എൽ.എയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചിരുന്നു. സമരപ്പന്തലിൽ നിന്നാണ് മാത്യു കുഴൽനാടനേയും മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.ആശുപത്രിയിൽ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്. മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്‌ണന്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ. ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
‘‘നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും. അടിയന്തരമായി പ്രത്യേക ആർആർടി ടീമിനെ നിയോഗിക്കും. വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പ്രത്യേക സർവകക്ഷിയോഗം വിളിക്കും’’–പി.രാജീവ് പറഞ്ഞു.
എംഎൽഎമാരായ ആന്റണി ജോൺ, എ.രാജ, കലക്‌ടർ എൻ.എസ്.കെ. ഉമേഷ്, മുൻ എം.പി ജോയ്സ് ജോർജ്, എഫ്ഐടി ചെയർമാൻ ആർ.അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ്.സതീഷ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.