തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തെ മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കി. ബില്ലിന്റെ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് സ്പീക്കറുടെ റൂളിങ്.
2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെ സ്പീക്കർ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചർച്ചയിൽ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ സംസാരിച്ചത്.
‘‘കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തയിലെ കാര്യങ്ങൾ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..’’ മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ടു. ‘‘ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബില്ലിൽ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്’’– സ്പീക്കർ പറഞ്ഞു.
മാത്യു കുഴൽനാടൻ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും നിർദേശം. മാത്യു കുഴൽനാടന് പ്രസംഗിക്കാൻ മൈക്ക് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിൽനിന്ന് (സി.എം.ആര്‍.എല്‍.) രാഷ്ട്രീയ നേതാക്കൾ പണം വാങ്ങിയെന്ന വെളിപ്പെടുത്തലിൽ ഉരുണ്ടുകളിച്ച് നേരത്ത പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സബ്മിഷനായി അവതരിപ്പിക്കേണ്ടതിനേക്കാൾ ഗുരുതരമായ അഴിമതി ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കാതിരുന്നത് യുഡിഎഫ് നേതാക്കളടക്കം പണം വാങ്ങിയതിനാലാണെന്ന ആരോപണത്തെ പ്രതിരോധിക്കാനായിരുന്നു ഇന്നു നടന്ന പത്രസമ്മേളനത്തിൽ വി.ഡി. സതീശന്‍റെ ശ്രമം.
മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയതാണ് വിഷയം. അഴിമതി ആരോപണം റൂള്‍ 50-യില്‍ കൊണ്ടുവന്നാല്‍ അപ്പോള്‍ത്തന്നെ തള്ളും. സബ്മിഷനായി അവതരിപ്പിക്കേണ്ട വിഷയമല്ല ഇത്. അഴിമതി ആരോപണം അങ്ങനെതന്നെ എഴുതിക്കൊടുത്ത് ഉന്നയിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് ഇന്ന് സഭയിൽ ഉന്നയിക്കാതിരുന്നത്. യുഡിഎഫിന് ഇതില്‍ ഒരു വിമുഖതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍പെട്ട നേതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ട് എന്നാണ് ആരോപണം. രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളില്‍നിന്നും കച്ചവടക്കാരില്‍നിന്നും സംഭാവന വാങ്ങാറില്ലേ? അതിലെന്താണ് തെറ്റ്. വീട്ടിലെ നാളികേരം വിറ്റ പൈസകൊണ്ടല്ലല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതു പരിപാടികള്‍ക്കുമായി ധനസമാഹരണം നടത്തും. അങ്ങനെ പണം പിരിക്കാന്‍ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ആളുകളാണ് പണം വാങ്ങിയിട്ടുള്ളത്.
അക്കാലത്ത് സംഭാവന വാങ്ങാന്‍ നിയോഗിച്ചവരാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. പാര്‍ട്ടിയുടെ പരിപാടികള്‍ നടത്താന്‍ എല്ലാ കാലത്തും അവരെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇപ്പോള്‍ എന്നെയും കെപിസിസി പ്രസിഡന്റിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കെഎസ്‌ഐഡിസിക്കുകൂടി പങ്കാളിത്തമുള്ള കച്ചവട സ്ഥാപനം നടത്തുന്ന ആളില്‍നിന്നാണ് സംഭാവന വാങ്ങിയത്. അങ്ങനെ സംഭാവന വാങ്ങിയതില്‍ ഒരു തെറ്റുമില്ല. സംഭാവന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വാങ്ങുന്നതാണ്. എന്തെങ്കിലും ഫേവര്‍ ചെയ്തുകൊടുത്താലേ പ്രശ്‌നമുള്ളൂ എന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഉയർന്നിരിക്കുന്ന ആരോപണം ഗൗരവമേറിയതാണ്. നടന്നത് ഗുരുതരമായ അഴിമതിയാണ്. തെറ്റായ രീതിയില്‍ കൈമാറപ്പെട്ട തുക ലീഗലൈസ് ചെയ്യാന്‍വേണ്ടി ഉണ്ടാക്കിയ എഗ്രിമെന്റാണ് എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മില്‍ ഉള്ളതെന്ന കാര്യത്തില്‍ സംശയമില്ല. കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും കമ്പനി ചെയ്തുകൊടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.
വിവിധ പാര്‍ട്ടികളുടെ നേതാക്കളുടെ പേരാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതാക്കൾ സംഭാവന വാങ്ങിയിട്ടുണ്ടെങ്കിൽ പാര്‍ട്ടി അതിന് റസിപ്റ്റും കൊടുത്തിട്ടുണ്ടാകും കണക്കും വെച്ചിട്ടുണ്ടാകും. അത്രയേ അതില്‍ കാര്യമുള്ളൂ. മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരും പ്രസ്സ് ക്ലബ്ബുകളും അടക്കമുള്ളവര്‍ പണം വാങ്ങിയിട്ടുണ്ട്. ഇക്കാലത്തിനിടയിൽ ആ കമ്പനി നിരവധി കാര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടാകും, അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കാലത്ത് കാശുംകൊണ്ട് പോയി മേശപ്പുറത്തുവെച്ചിട്ടും കാശ് വാങ്ങിയില്ല എന്ന് സര്‍ട്ടിഫിക്കറ്റ് എനിക്കുണ്ട്. കൈകൊണ്ട് വാങ്ങിയിട്ടില്ല എന്നേ ഞാന്‍ പറയുന്നുള്ളൂ. അല്ലാത്ത വിശുദ്ധിയില്‍ ഈ ലോകത്താരും പാര്‍ട്ടികള്‍ നടത്തുന്നുണ്ടാവില്ല. സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.