കൊച്ചി:കോണ്‍ഗ്രസ് പാര്‍ട്ടിയോട് തനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലാണ് മാത്യു കുഴല്‍നാടൻ തന്റെ പ്രതികരണം അറിയിച്ചത്.
തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറുമെന്നും അതിലേക്ക് പാര്‍ട്ടിയെ തള്ളി വിടരുതെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു. യുവാക്കൾക്കായി സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മാത്യു കുഴല്‍നാടന്റെ വാക്കുകൾ.
‘തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറും. അതിലേക്ക് നമ്മള്‍ പാര്‍ട്ടിയെ തള്ളി വിടരുത്. കരുത്തരനായ നിരവധി യുവനേതാക്കള്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. ഈ സമയത്തും നമ്മള്‍ മൗനം പാലിച്ചാല്‍, എല്ലാവരും സൗകര്യപ്രദമായി മിണ്ടാതിരുന്നാല്‍ ചരിത്രം നമുക്ക് മാപ്പ് നല്‍കില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് കോണ്‍ഗ്രസിനെ വീണ്ടെടുക്കണം. ഞാന്‍ നിങ്ങളോട് ഒരു കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുകയാണ്’.
‘കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ എന്റെ പാര്‍ട്ടിയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. ഞാനിത് ആത്മാര്‍ഥമായി ഏറ്റ് പറയുന്നു. ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് നമ്മള്‍ക്ക് ഇപ്പോള്‍ കൊടുക്കേണ്ടി വന്നത്’.