വമ്പന്‍ അഴിമതി, മോദിയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റ്: രാഹുൽ​

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ്, സി.ബി.ഐ, ആദായനികുതിവകുപ്പ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി ബി.ജെ.പി. കമ്പനികളില്‍നിന്ന് പണം കൈക്കലാക്കുകയാണെന്നും അദ്ദേഹം റാലിയില്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ അഴിമതിയാണ് ബോണ്ടുകളെന്ന് രാഹുല്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബി.ജെ.പി. സര്‍ക്കാര്‍ ഒരുദിവസം അധികാരത്തില്‍നിന്ന് താഴെയിറങ്ങുമെന്ന് തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ടവര്‍ ആലോചിക്കണം. അന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കും. ഇത് തന്റെ ഗ്യാരന്റിയാണെന്നും രാഹുല്‍ പറഞ്ഞു.

സി.ബി.ഐ, ആദായനികുതി വകുപ്പ്, എക്‌സ്റ്റോര്‍ഷന്‍ (പിടിച്ചുപറി) ഡയറക്ടറേറ്റ് (ഇ.ഡി.) എന്നിവയെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഇത് കുറ്റകരമായ പിടിച്ചുപറിയാണ്. കോര്‍പ്പറേറ്റുകള്‍ ഭീതിയിലും സമ്മര്‍ദത്തിലുമാണ്. തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കാള്‍ വലിയ അഴിമതിയില്ല. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബി.ജെ.പിക്ക് പണം ലഭിക്കുന്നത് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയാണ്. ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പും ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നിയന്ത്രണത്തിലാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

വലിയ കരാറുകള്‍ നേടുന്നവരില്‍നിന്ന് പണം കവരാനും കോര്‍പ്പറേറ്റുകളെ ഭയപ്പെടുത്തി സംഭാവന നേടാനുമുള്ള മാര്‍ഗമാണ് ബോണ്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, സംസ്ഥാനങ്ങളില്‍ ഭരണമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നല്‍കിയ കരാറുകള്‍ക്ക്‌ തിരഞ്ഞെടുപ്പ് ബോണ്ടുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News