CrimeKeralaNews

കോട്ടയത്ത് ധനകാര്യസ്ഥാപനത്തില്‍ വന്‍ കവര്‍ച്ച;സി സി ടിവിയുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷണം

കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ടുലക്ഷം രൂപയും നഷ്ടമായെന്നാണ് വിവരം.നഷ്ടപ്പെട്ടത് സ്ഥാപനത്തിൽ പണയം വച്ച സ്വർണം.സി സി ടിവിയുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷണം പോയി. കോട്ടയം പോളച്ചിറ സ്വദേശി പരമേശ്വരന്‍ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സുധ ഫൈനാന്‍സ്.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണവിവരം പുറത്തറിയുന്നത്. രാവിലെ സ്ഥാപനം വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. ഇതോടെ ഉടമയെ വിവരമറിയിക്കുകയായിരുന്നു.

ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നതെന്നാണ് പ്രാഥമികനിഗമനം.ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തുനിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചിട്ടില്ല.അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.സ്ഥാപനത്തിലേക്കുള്ള കോണിപ്പടികളിലും ചുമരിലും സോപ്പുപൊടി വിതറിയ നിലയിലാണ്.

കഴിഞ്ഞ 20 വർഷത്തോളം മന്ദിരം കവലയിൽ സുധാ ഫിനാൻസ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നതാണ്.മോഷണം നടന്ന ഈ ബിൽഡിങ്ങിലേക്ക് പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷമായി.പ്രധാന വാതിലിന്റെ പൂട്ടും ഷട്ടറും പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്.പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്.

കോട്ടയത്തു നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.കൂടുതൽ പരിശോധനകൾക്ക് ശേഷമെ മോഷണത്തെക്കുറിച്ച് പറയാൻ കഴിയൂ എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് വ്യക്തമാക്കി.കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.അന്വേഷണത്തിന് പ്രത്യേക
സംഘം രൂപീകരിക്കും.
തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button