മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ജനരോഷം ഇരമ്പുന്നു. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെപ്പിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മുസാഫറാബാദിലേക്ക് മാർച്ച് നടത്തുന്നു. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ അതിരൂക്ഷമായി തുടരുകയാണ്. പാകിസ്താൻ നിരോധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
റാവൽക്കോട്ട്, ബാഗ്, ഹട്ടിയൻ ബാല, കോട്ട്ലി, മിർപൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ റാവൽക്കോട്ടിൽ ഒത്തുചേർന്ന ശേഷം മുസാഫറാബാദിലേക്ക് നീങ്ങുകയാണ്. 38 ആവശ്യങ്ങളടങ്ങിയ ചാർട്ടർ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. മേഖലയിലെ രാഷ്ട്രീയ സാഹചര്യം പാക് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതിഷേധം തടയുന്നതിനായി പാക് അധികൃതർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുസാഫറാബാദിലേക്കുള്ള പ്രധാന റോഡുകളിൽ മരങ്ങൾ വെട്ടിയിട്ടും മറ്റും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ നാല് പ്രധാന പ്രതിഷേധ നേതാക്കളെ പിടികൂടാൻ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.
വൈദ്യുതി, ഗോതമ്പ് എന്നിവയുടെ അമിത വിലവർദ്ധനവിനെതിരെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം ആരംഭിച്ചത്. ജൂൺ 8-ന് സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം വെടിവെച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമായത്. ‘ഭീകരതയ്ക്ക് പിന്നിൽ യൂണിഫോം ധരിച്ചവരാണ്’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. അവകാശങ്ങൾ ചോദിക്കുന്നവരെ ‘ഭീകരർ’ എന്നും ‘ഇന്ത്യൻ ഏജന്റുമാർ’ എന്നും വിളിച്ചാണ് പാക് അധികൃതർ നേരിടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
പാക് അധീന കശ്മീരിൽ നടക്കുന്ന സംഭവങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാർ കൊല്ലപ്പെട്ടതിനെ കൂട്ടക്കൊല എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. മേഖലയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന പാകിസ്താന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

