തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറത്ത് ഡിവൈഎഫ്ഐയാണ് ആദ്യം പ്രതിഷേധവുമായി വന്നത്. പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് രണ്ട് ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധിച്ചു.
മലപ്പുറം കുന്നുമ്മലിലാണ് ഡി വൈ എഫ് ഐ യുടെ പ്രതിഷേധ പ്രകടനം നടന്നത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റുമായ വി വസീഫിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. പിന്നാലെ കോഴിക്കോടും കൊല്ലത്തും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
കോഴിക്കോട് മലബാര്‍ എക്സ്പ്രസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്നീടാണ് ട്രെയിൻ ഇവിടെ നിന്ന് പുറപ്പെട്ടത്. അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധിച്ച എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ എറണാകുളം സൗത്തിൽ മാവേലി എക്സ്പ്രസും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.