ബെയ്ജിങ്∙ ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 110 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. ഗൻസു പ്രവിശ്യയിൽ ചൊവ്വാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. 5.9 രേഖപ്പെടുത്തിയ ഭൂകമ്പം പ്രവിശ്യാ കേന്ദ്രമായ ഗൻസുവിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉത്ഭവിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം സിൻഹുവയിലുണ്ടായ ഭൂകമ്പം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ആളുകൾ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകർന്നുവീണു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകി.
പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.
ഓഗസ്റ്റിൽ കിഴക്കൻ ജില്ലയിലുണ്ടായ ഭൂകമ്പത്തിൽ 23 പേർ മരിച്ചിരുന്നു. 2022 സെപ്റ്റംബറിൽ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 100 പേരാണ് മരിച്ചത്.