കല്‍പ്പറ്റ: വയനാട്ടിൽ വന്‍ മയക്കു മരുന്ന് വേട്ട. മുത്തങ്ങയില്‍ നിന്ന് അരക്കിലോയോളം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ജില്ലാ പൊലീസ് മേഥാവി ആർ. ആനന്ദ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിനു സമീപമായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒ സന്തോഷും സംഘവും നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടിയത്.
ഫോക്‌സ് വാഗൻ പോളോ കാറിലെത്തിയ മൂന്ന് യുവാക്കളുടെ പെരുമാറ്റത്തില്‍ പൊലീസിന് പന്തികേടു തോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡാഷ് ബോർഡിൽ വിദഗ്ദമായി ഒളിപ്പിച്ച നിലയിൽ 492 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഇതോടെ കാറിലുണ്ടായിരുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് മിദ്‌ലജ്, വയനാട്ടുകാരായ ജാസിം അലി, അഫ്താഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോളേജ് പരിസരങ്ങളിലും മറ്റും വില്‍പ്പനയ്ക്കായി ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സംസ്ഥാനത്ത് തന്നെ അപൂര്‍വമായാണ് ഇത്രയും കൂടിയ അളവിൽ എംഡിഎംഎ പിടികൂടിയിട്ടുള്ളത്. പിടികൂടിയ എംഡിഎംഎയ്ക്ക് ചില്ലറ വിൽപ്പനയിൽ 50 ലക്ഷത്തോളം രൂപ വില വരുമെന്നാണ് വിവരം. പ്രതികൾക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
അതിനിടെ തിരുവനന്തപുരം പൂച്ചാക്കലില്‍ എംഡിഎംഎയുമായി പിടിയിലായ രണ്ട് യുവാക്കളെ റിമാന്റ് ചെയ്തു.. അരൂക്കുറ്റിയിലെ പാണ്ട്യാല പറമ്പിൽ അസ്ലം ഷേർ ഖാൻ (29) തെക്കെ ആയിത്തറ ഷിജിൽ (30) എന്നിവരാണ് റിമാന്റിലായത്. അസ്ലം ഷേർ ഖാനിൽനിന്ന് 1.28 ഗ്രാമും ഷിജിലിന്റെ പക്കൽനിന്ന് 0.73 ഗ്രാമും എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച അസ്ലം ഷേർ ഖാന്റെ കാറിൽ മയക്കുമരുന്ന് സുക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ചക്കാല തൈക്കാവിന്റെ വടക്ക് ഭാഗത്തുള്ള മൈതാനത്തുനിന്ന് പിടികൂടുകയായിരുന്നു.