ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും! പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ
യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന രാജ്യത്തെ 39 ട്രെയിനുകളിലാണ് ഈ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡെറാഡൂണ്‍ ഇന്‍ഡോര്‍ എക്‌സ്പ്രസ് (14317), ന്യൂ ഡല്‍ഹി -ഇന്‍ഡോര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12416), ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസ് (19325) എന്നീ ട്രെയിനുകളിലുള്‍പ്പടെ ഈ സേവനം യാത്രക്കാര്‍ക്ക് ലഭ്യമാകും.
ഗോള്‍ഡ് വിഭാഗം, ഡയമണ്ട് വിഭാഗം, പ്ലാറ്റിനം വിഭാഗം എന്നിങ്ങിനെ 20 മിനിറ്റ് വരെ പരമാവധി മസാജ് ചെയ്യുന്നതിന് 100, 200, 300 എന്നിങ്ങനെയാണ് നിരക്കുകള്‍. പശ്ചിമ റെയില്‍വെയുടെ കീഴില്‍ വരുന്ന വെത്ലാം ഡിവിഷനാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വരുന്ന 20 ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന സേവനം രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെ കോച്ചുകളില്‍ലഭ്യമാകും.
മൂന്ന് മുതല്‍ അഞ്ച് വരെ മസാജ് പ്രൊവൈഡര്‍മാര്‍ ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒപ്പം യാത്ര ചെയ്യും. ഇവര്‍ക്കായി റെയില്‍വെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ടിക്കറ്റിലൂടെയുള്ള വരുമാനത്തിന് പുറമേ കൂടുതല്‍ വരുമാന വര്‍ദ്ധനവിനായി സോണുകളോടും റെയില്‍വെ ഡിവിഷനുകളോടും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടിരുന്നു.