വീണ്ടും കൂട്ടസസ്‌പെൻഷൻ; കേരളത്തിൽനിന്നുള്ള മൂന്ന് പേരടക്കം 49 പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ എം.പിമാരെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തു. 49 എം.പിമാരാണ് ചൊവ്വാഴ്ച സസ്‌പെന്‍ഷനിലായത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം 141 പ്രതിപക്ഷ എം.പിമാരാണ് സസ്‌പെന്‍ഷനിലായത്.

ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാം​ഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇരുസഭകളിലുമായി 78 അം​ഗങ്ങളെയാണ് ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തത്.ഇവരിൽ കേരളത്തിൽനിന്നുള്ള 14 എം.പി.മാരും ഉൾപ്പെട്ടിരുന്നു.

സമീപകാല ചരിത്രത്തില്‍ ഇത്രയധികം അംഗങ്ങളെ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15-ന് പാര്‍ലമെന്റില്‍ ഒറ്റദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News