ലാഹോര്‍: ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍. ബഹാവല്‍പുരില്‍ സംഘടനയുടെ ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മസ്ഹൂദ് അസഹ്‌റിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സിയും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് മേധാവിയുടെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് അസ്ഹറിന്‍റേതെന്ന് പറയപ്പെടുന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ അടുത്ത അനുയായികളായ മൂന്ന് പേരും ഇവരില്‍ ഒരാളുടെ മാതാവും കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താനിലും പാക് അധീന കശ്മീരിലും കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ആ പശ്ചാത്തത്തിൽക്കൂടിയാണ് ഇന്ത്യയുടെ പ്രത്യാക്രമണമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തേക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ പാകിസ്താനിലേക്കും തിരിച്ചുമുള്ള തീവ്രവാദികളുടെ ആശയവിനിമയ നെറ്റ് വര്‍ക്കുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് മിസ്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടനയുടെ അവകാശവാദങ്ങള്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ റീ പോസ്റ്റ് ചെയ്യുന്നതും പാക് ബന്ധത്തിന്റെ സ്വയം സംസാരിക്കുന്ന തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നൊരു ഗൂപ്പിന് ലഷ്‌കര്‍-ഇ തൊയ്ബയുമായി ബന്ധമുണ്ടെന്നത് വ്യക്തമാണ്. ഏപ്രില്‍ 25-ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാധ്യമക്കുറിപ്പില്‍നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കംചെയ്യാനുള്ള പാകിസ്താന്റെ സമ്മര്‍ദ്ദം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായുള്ള അവരുടെ ബന്ധം തുറന്നുകാട്ടിയെന്നും വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
‘ദൃക്സാക്ഷി വിവരണങ്ങളുടെയും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ലഭ്യമായ മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിയുന്നതിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ സംഘത്തിന്റെ ആസൂത്രകരുടെയും സഹായിക്കുന്നവരുടെയും കൃത്യമായ ചിത്രം ഞങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നതില്‍ പാകിസ്താന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ ഈ ആക്രമണത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സംശയാതീതമായ കാര്യമാണ്’, വിക്രം മിസ്രി പറഞ്ഞു.
വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിര്‍ക്കൊപ്പമാണ് വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തിയത്.

