KeralaNews

ആളു കൂടുന്നിടത്തു മാസ്‌ക് നിര്‍ബന്ധമാക്കിയിട്ട് മറ്റുള്ളിടത്ത് ഇളവിന് ആലോചന

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്‌കുകള്‍ ഒഴിവാക്കുന്നതിനെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങി. മാസ്‌ക് ഒഴിവാക്കല്‍ എങ്ങനെ വേണം എന്നതു സംബന്ധിച്ചാണ് ആലോചനകള്‍ മുറുകുന്നത്. കൊവിഡ് വിദഗ്ധ സമിതിയിലെ അംഗങ്ങളോടും ആരോഗ്യ വിദഗ്ധരോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ ആരാഞ്ഞു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കുന്നതില്‍ തടസമില്ലെന്നാണ് വിദഗ്ധ സമിതിയുടെ അഭിപ്രായമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോവിഡിന്റെ പുതിയ തരംഗം ഉണ്ടാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. പുതിയ തരംഗങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാസ്‌കുകള്‍ ഒഴിവാക്കാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും അഭിപ്രായപ്പെടുന്നത്.

താല്‍പര്യമുള്ളവര്‍ക്ക് മാത്രം മാസ്‌ക് ധരിക്കാമെന്നുള്ളതുമാണ് വിദഗ്ധ സമിതിയുടെയും അഭിപ്രായം. എന്നാല്‍, രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തേക്കിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വയ്ക്കണമെന്നുള്ള അഭിപ്രായവും സമിതിക്കുണ്ട്.

അതേസമയം, കൂടുതലായി രോഗം വ്യാപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, വിവാഹം, ഉത്സവം പോലെയുള്ള ആളുകള്‍ അപരിചിതരുമായി അടുത്ത് ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ട് മറ്റിടങ്ങളില്‍ അതൊഴിവാക്കണമെന്നാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

കേരളത്തില്‍ രോഗം കുറയുന്ന സാഹചര്യത്തില്‍ ക്രമേണ മാസ്‌ക് ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കിലും ഇത് എപ്പോള്‍ മുതല്‍ വേണം എന്ന കാര്യത്തില്‍ അഭിപ്രായ സമന്വയമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button