സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി’കോസ്റ്റ?

സ്മൃതി മന്ദാന-പലാഷ് വിവാഹ വിവാദത്തിലെ നിര്‍ണായക വ്യക്തി; ആരാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്ന മേരി ഡി'കോസ്റ്റ?

മേരി ഡി’കോസ്റ്റ. ഇപ്പോള്‍ സോഷ്യല്‍ മീഡയയിലാകെ ചര്‍ച്ചയായിരിക്കുന്ന പേരാണ് ഇത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരമായ സ്മൃതി മന്ദാനയുടേയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹം നിര്‍ത്തിവെക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത് മേരിയാണ്. ഇതിന് പിന്നാലെ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍ജീവമാക്കിയെങ്കിലും മേരി പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍ കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്.

സ്‌ക്രീന്‍ഷോട്ടുകളുടെ ആധികാരികതയോ സ്‌ക്രീന്‍ഷോട്ടുകളാണ് വിവാഹം മാറ്റിവെക്കാന്‍ കാരണമായതെന്നോ ഒന്നും ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും ഈ സാഹചര്യത്തില്‍ എല്ലാവരും ഒരുപോലെ അന്വേഷിക്കുകയാണ്, ആരാണ് മേരി ഡി’കോസ്റ്റ എന്ന്. മേരിയുടേതെന്ന പേരില്‍ ഒട്ടേറെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സ്മൃതി-പലാഷ് വിവാഹം സംബന്ധിച്ച വിവാഹം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിന് പിന്നാലെയാണ് മേരി ഡി’കോസ്റ്റ എന്ന പേര് ഭൂരിഭാഗം പേരും കേള്‍ക്കുന്നത്. ഒരു കൊറിയോഗ്രാഫറാണ് മേരി. സ്മൃതി മന്ദാനയുടേയും പലാഷ് മുഛലിന്റേയും വിവാഹാഘോഷങ്ങളുടെ കൊറിയോഗ്രാഫി ചുമതല മേരിക്കായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില ചിത്രങ്ങളല്ലാതെ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പലാഷുമായുള്ള സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചതല്ല, റദ്ദാക്കിയതാണ് എന്ന അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മേരിയുമായുള്ളതെന്ന പേരിലുള്ള പലാഷിന്റെ ചാറ്റുകളാണ് ഇതിന് കാരണമായതെന്നും റെഡ്ഡിറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

ആഡംബര ഹോട്ടലില്‍ നീന്താനായി മേരിയെ ക്ഷണിക്കുന്നതാണ് സ്‌ക്രീന്‍ഷോട്ടിലെ ചാറ്റിലുള്ളത്. കൂടാതെ സ്മൃതിയുമായുള്ള ബന്ധത്തെ കുറിച്ച് മേരി ചോദിക്കുമ്പോള്‍ ചാറ്റിന്റെ മറുവശത്തുള്ളയാള്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളില്‍ കാണാം. എന്നാല്‍ സ്മൃതി മന്ദാനയുടേയോ പലാഷിന്റേയോ കുടുംബം ഇതുവരെ ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News