27.1 C
Kottayam
Monday, May 6, 2024

മനം നിറച്ച് മേരി;തോല്‍വിയിലും താരമായി മേരി കോം

Must read

ടോക്യോ:’ചില കായിക ഇനങ്ങളിൽ ഇതിഹാസ താരങ്ങളുണ്ട്, ചിലതിൽ മേരി കോമും..,’ ടോക്യോ ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യൻ താരം മേരി കോം പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായപ്പോൾ കമന്റേറ്ററിൽ ഒരാൾ പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷേ 38-കാരിയായ മേരി കോമിന്റെ അവസാനത്തെ ഒളിമ്പിക്സാകും ഇത്. കൊളംബിയൻ താരത്തോട് തോറ്റശേഷം എല്ലാവരോടും നിറഞ്ഞ ചിരിയോടെ നന്ദി പറയുമ്പോൾ മേരിയുടെ മനസ്സിലും ഇതു തന്നെയാകും ഉണ്ടാകുക. ഒളിമ്പിക്സിൽ ഒരു സ്വർണം എന്ന സ്വപ്നം അവശേഷിച്ചുള്ള മടക്കം.

തോൽവിക്ക് പിന്നാലെ മേരി കോമിനെ പിന്തുണച്ച് ആരാധകരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തോൽവിയിലും മേരിയെ താരമാക്കുന്നതാണ് ഈ പോസ്റ്റുകൾ. മേരി കോം സമ്മാനിച്ച ഓർമകൾക്ക് ചിലർ നന്ദി പറയുമ്പോൾ ഇനിയെന്നും റിങ്ങിൽ ജീവിക്കും എന്നാണ് മറ്റു ചിലർ പറയുന്നത്.

ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ ആറു സ്വർണമാണ് കഴുത്തിലണിഞ്ഞത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണവും കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണവും അക്കൗണ്ടിലുണ്ട്. ഒപ്പം ഏഷ്യൻ ഗെയിംസിലെ ഒരു സ്വർണവും.

ഒളിമ്പിക്സിൽ ബോക്സിങ് പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ലോറെന വലൻസിയക്കെതിരേ ഇന്ത്യൻ താരം മേരികോം റിങ്ങിലിറങ്ങിയത് ഇന്ത്യയുടെ പതാകയില്ലാത്ത ജഴ്സി അണിഞ്ഞ്. നീല ജഴ്സിയിൽ മേരികോമിന്റെ പേരുമുണ്ടായിരുന്നില്ല.

ഇന്ത്യൻ പതാകയുള്ള മേരി കോം എന്ന് എഴുതിയ ജഴ്സി അണിഞ്ഞാണ് താരം മത്സരത്തിനെത്തിയത്. എന്നാൽ ജഴ്സിയിൽ മേരി കോം എന്ന് മുഴുവൻ പേര് പറ്റില്ലെന്നും ആദ്യ പേര് മാത്രമേ എഴുതാൻ പാടുള്ളുവെന്നും സംഘാടകർ വ്യക്തമാക്കി. തുടർന്ന് ജഴ്സി മാറ്റാൻ ആവശ്യപ്പെട്ടു. പകരം ഒന്നും എഴുതാത്ത ഒരു നീല ജഴ്സി നൽകി. അതു ധരിച്ചാണ് ഇന്ത്യൻ താരം മത്സരിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് ബോക്സിങ്ങിൽ മേരി കോം തോറ്റു പുറത്തായി. 3-2നായിരുന്നു തോൽവി. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ലോറെന, മേരി കോമിന് കടുത്ത മത്സരമാണ് നൽകിയത്. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week