മുംബൈ:കാലങ്ങൾ നീണ്ട സസ്പെൻസിനും കാത്തിരിപ്പിനും ശേഷം ഒടുവിൽ ജനുവരി 12 -ന് 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ഫൈവ് ഡോർ ജിംനി വെളിപ്പെടുത്തി. ഈ വർഷം മെയ് മാസത്തിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.
ഐക്കണിക്ക് എസ്‌യുവിയുടെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മാരുതിയുടെ സബ്-ഫോർ-മീറ്റർ ഓഫ്-റോഡറിന്റെ നിർമ്മാണത്തെയും അലോക്കേഷനേയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
മാരുതി ഏപ്രിലിൽ ജിംനിയുടെ ഉത്പാദനം ആരംഭിക്കുമെന്നും പ്രതിവർഷം ഒരു ലക്ഷം യൂണിറ്റുകളുടെ പ്രൊഡക്ഷനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 66 ശതമാനം ആഭ്യന്തര വിൽപ്പനയ്‌ക്കായി മാരുതി നീക്കിവയ്ക്കുകയും ബാക്കി എക്സ്പോർട്ടിനായി നീക്കിവെക്കുകയും ചെയ്യും. പ്രതിമാസം ഏകദേശം 7,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ ഉൽപ്പാദിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ഓഫ്-റോഡറിനായി മാരുതി സുസുക്കി ഇതിനകം 22,000 -ലധികം ബുക്കിംഗുകൾ നേടിയതിനാൽ ജിംനിയോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യം ഇതിൽ നിന്ന് വ്യക്തമാണ്. ജിംനി മൊത്തം നാല് വേരിയന്റുകളിൽ ലഭ്യമാണ്, എന്നിരുന്നാലും മാരുതി സുസുക്കി ടോപ്പ്-സ്പെക്ക് ആൽഫ ട്രിമ്മിന്റെ പ്രൊഡക്ഷന് മുൻഗണന നൽകാനാണ് സാധ്യത.
അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്ത 105 bhp പവർ പുറപ്പെടുവിക്കുന്ന, 1.5-ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ജിംനിയുടെ ഓഫ്-റോഡ് ഗിയറിനെ സംബന്ധിച്ചിടത്തോളം, മാനുവൽ ട്രാൻസ്ഫർ കേസുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ‘2WD-ഹൈ’, ‘4WD-ഹൈ’, ‘4WD-ലോ’ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സും ഇതിന് ലഭിക്കുന്നു. പരുക്കൻ ലാഡർ-ഫ്രെയിം ഷാസിയാണ് ജിംനിക്ക് അടിവരയിടുന്നത്.
ഓട്ടോ ഹെഡ്‌ലാമ്പുകൾ, സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആർക്മെയ്സ് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളും എക്യുപ്മെന്റുകളും ലഭിക്കുന്ന സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ജിംനി ലഭ്യമാണ്. എന്നിരുന്നാലും, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.
മാരുതി ജിംനിയുടെ എക്സ്-ഷോറൂം വില 10-12 ലക്ഷം രൂപയിൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. വാഹനം 2023 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ, മോഡലിന് നേരിട്ടുള്ള എതിരാളികളില്ല, എന്നാൽ മഹീന്ദ്രയും ഫോഴ്‌സും യഥാക്രമം ഥാർ, ഗൂർഖ എന്നിവയുടെ ഫൈ ഡോർ പതിപ്പുകൾ വികസിപ്പിക്കുന്നു.
സുസുക്കി ഒരു ഓൾ-ഇലക്‌ട്രിക് ജിംനിയുടേയും പണിപ്പുരയിലാണ്, ഇവി ആദ്യമായി യൂറോപ്പിൽ ത്രീ ഡോർ രൂപത്തിൽ വിൽപ്പനയ്‌ക്കെത്തും. ഫൈവ് ഡോറുള്ള ജിംനി ഇവി പിന്നാലെ വരും, അത് ഇന്ത്യയിൽ നിർമ്മിക്കും. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന eVX കൺസെപ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 60 kWh ബാറ്ററി പാക്ക് മാരുതി സുസുക്കി ജിംനി ഇവിയിൽ ഉപയോഗിക്കാം.