കൊച്ചി: ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ ഇളക്കി മറിക്കാനായി മാരുതി സുസുക്കിയുടെ ആദ്യ മോഡൽ എത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പ്രദർശിപ്പിച്ച കമ്പനി അധികം വൈകാതെ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തിക്കാനായിരുന്നു പ്ലാനിട്ടിരുന്നതും. ഈ വർഷം ആദ്യം പ്രതീക്ഷിച്ചിരുന്ന മാരുതി ഇ വിറ്റാരയുടെ വില പ്രഖ്യാപനം ബാറ്ററി വിതരണവും സോഫ്റ്റ്‌വെയർ വെല്ലുവിളികളും കാരണം പലതവണ വൈകുകയായിരുന്നു. എന്നാൽ ഇനി കാത്തിരുത്തി മുഷിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ റെഡിയല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
മാരുതി സുസുക്കി ഡിസംബറിൽ ഇ വിറ്റാര പുറത്തിറക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി വെള്ളിയാഴ്ച്ച നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. മാരുതി ഇലക്ട്രിക് കാർ പുറത്തിറക്കിയാൽ വാങ്ങാമെന്ന് കരുതിയിരിക്കുന്ന കുറെയാളുകൾ ഇനി ഷോറൂമിൽ കറണ്ടിലോടുന്ന വണ്ടി അന്വേഷിച്ച് എത്തുമെന്ന് ഉറപ്പിക്കാം. ഗുജറാത്തിലെ ഹൻസൽപൂർ ഫാക്ടറിയിൽ മാത്രമാണ് ഇവി ഇപ്പോൾ നിർമിക്കുന്നത്.
ഓഗസ്റ്റിൽ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ വിറ്റാര വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ഇ വിറ്റാര ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം യുകെയാണ്. അന്താരാഷ്ട്ര വിപണികളിൽ 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്. മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh ബാറ്ററി മോഡലുകൾ FWD, AWD ഓപ്ഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം.
ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. ഈ വേരിയന്റിലെ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 395 കിലോമീറ്റർ വരെ മാത്രമാണ് റേഞ്ച് വാഗ്‌ദാനം ചെയ്യുക. അങ്ങനെ നോക്കുമ്പോൾ വിപണിയിലെ മറ്റ് എതിരാളികൾക്കെല്ലാം റേഞ്ച് കണക്കുകൾ കൂടുതലാണെന്നത് മാരുതി സുസുക്കി ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമായിരിക്കും.
എന്നാൽ കമ്പനിയിലുള്ള വിശ്വാസം ഇതിനും മുകളിൽ പ്രതിഫലിക്കുമെന്നാണ് നിലവിലെ അനുമാനം. ബാറ്ററി പായ്ക്കുകളുടെ ചാർജിംഗ് സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 49 kWh ബാറ്ററി പായ്ക്കിന് 7 kW AC ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളിൽ 10-100 ശതമാനം ചാർജ് ചെയ്യാൻ കഴിയും. അതേസമയം 11 kW AC ചാർജർ 4.5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം. 61 kWh ബാറ്ററി പായ്ക്കിന് സമയം യഥാക്രമം 9 മണിക്കൂറും 5.5 മണിക്കൂറുമായി വർധിക്കുമെന്ന് മാത്രം.
DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ട് ബാറ്ററി പായ്ക്കുകളും വെറും 45 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഹൈലൈറ്റ്. 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഇ വിറ്റാരയ്ക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. ഇന്ത്യയിൽ ടാറ്റ കർവ് ഇവി, എംജി ZS ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് VF6, വിൻഫാസ്റ്റ് VF7 തുടങ്ങിയ വമ്പൻ ഇലക്ട്രിക് എസ്‌യുവികൾക്കെതിരെയാണ് വിറ്റാര മത്സരത്തിനിറങ്ങുന്നത്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സ്‌ക്രീൻ ഡാഷ്‌ബോർഡ് കോൺഫിഗറേഷൻ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, 10 തരത്തിൽ ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും കുത്തിനിറച്ചാവും മാരുതി ഇ വിറ്റാരയുടെ വരവ്.


