ബെംഗളൂരു: വിവാഹത്തട്ടിപ്പുകേസില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത ബെംഗളൂരു സ്വദേശി മറ്റ് ഒമ്പത് യുവതികളുമായും വിവാഹക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായി മൈസൂരു പോലീസ്. ഡോക്ടറാണെന്ന വ്യാജേന വിവാഹം കഴിച്ച് പണവും സ്വര്‍ണവും അപഹരിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനശങ്കരി സ്വദേശിയായ മഹേഷ് കെ.ബി. നായകി (35)നെ മൈസൂരു പോലീസ് പിടികൂടിയത്.
തുടരന്വേഷണത്തില്‍ ഇയാള്‍ 15 യുവതികളെ വിവാഹം ചെയ്തതായി കണ്ടെത്തി. ഇതുകൂടാതെയാണ് മറ്റ് ഒമ്പത് യുവതികളുമായുള്ള വിവാഹത്തിന് ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള മഹേഷ് ഡോക്ടറാണെന്നും എന്‍ജിനീയറാണെന്നും പരിചയപ്പെടുത്തിയാണ് സ്ത്രീകളെ കബളിപ്പിച്ചിരുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ ഡോക്ടറാണെന്നോ എന്‍ജിനീയറാണെന്നോ അവകാശപ്പെട്ടാണ് മഹേഷ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി പ്രതി ഇത്തരത്തില്‍ തട്ടിപ്പ് തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്ന് ഭാര്യമാരിലായി ഇയാള്‍ക്ക് അഞ്ച് കുട്ടികളുണ്ട്. മൂന്ന് യുവതികളില്‍ നിന്നായി ഇയാള്‍ മൂന്ന് കോടി രൂപയോളമാണ് ഇതിനോടകം തട്ടിയെടുത്തത്.
മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കിയ നാല്‍പത്തഞ്ചുകാരിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ 2022 ഓഗസ്റ്റ് 22 നാണ് മാട്രിമോണി സൈറ്റിലൂടെ മഹേഷിനെ കണ്ടുമുട്ടിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. താനൊരു അസ്ഥിരോഗവിദഗ്ധനാണെന്നും മൈസൂരുവില്‍ താമസിക്കുകയാണെന്നും ഇയാള്‍ വിവാഹത്തിനുള്ള താത്പര്യം അറിയിച്ച് മഹേഷ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഡിസംബറില്‍ മഹേഷ് ഇവരെ മൈസൂരുവില്‍ കൂട്ടിക്കൊണ്ടുവരികയും വാടകയ്‌ക്കെടുത്ത വീട് കാണിച്ചുകൊടുത്ത് സ്വന്തം വീടാണെന്ന് അവകാശപ്പെടുകയും ചെയ്തു. കൂടാതെ പുതിയൊരു ക്ലിനിക് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് പറയുകയും ചെയ്തു.
ജനുവരി 28 ന് ഇരുവരും യുവതിയുടെ സ്വദേശമായ വിശാഖപട്ടണത്തില്‍ വെച്ച് വിവാഹിതരായി. അടുത്ത ദിവസം ഇവര്‍ മൈസൂരുവിലെത്തി. അതിനടുത്ത ദിവസം താന്‍ ജോലിസംബന്ധമായി മൂന്ന് ദിവസത്തേക്ക് പോകുകയാണെന്ന് മഹേഷ് പറഞ്ഞു. പിന്നാലെ ക്ലിനിക് ആരംഭിക്കാന്‍ എഴുപത് ലക്ഷം രൂപ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ തുക നല്‍കാന്‍ യുവതി വിസ്സമ്മതിച്ചതോടെ മഹേഷ് ഭീഷണിപ്പെടുത്തി.
ഫെബ്രുവരി അഞ്ചിന് യുവതിയുടെ കയ്യിലുണ്ടായിരുന്ന 15 ലക്ഷം രൂപയും സ്വര്‍ണവുമായി മഹേഷ് മുങ്ങി. മഹേഷുമായി ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ മഹേഷിന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് മറ്റൊരു യുവതി തേടിയെത്തിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
രണ്ട് സ്ത്രീകളെ വിവാഹം ചെയ്തുവെന്ന പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമകുരുവില്‍ നിന്ന് മഹേശിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ 15 പേരെ വിവാഹം കഴിച്ചതായും മറ്റ് ഒമ്പത് പേരുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണെന്നും കണ്ടെത്തി.