ആര്‍ക്കൊക്കെ ആരൊക്കെ വോട്ട് ചെയ്തുവെന്ന് മനസ്സിലാക്കാന്‍ ബാലറ്റ് പേപ്പറില്‍ മാര്‍ക്കിംഗ്‌; മാപ്പ് പറഞ്ഞ്‌ സിപിഎം ഏരിയാസെക്രട്ടറി

കാസര്‍കോട്: ലോക്കല്‍ സമ്മേളന തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ ആരൊക്കെ വോട്ട് ചെയ്തുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഏരിയാ സെക്രട്ടറി ബാലറ്റ് പേപ്പര്‍ മാര്‍ക്ക് ചെയ്ത സംഭവം സിപിഎം പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമിടയില്‍ ചര്‍ച്ചയാകുന്നു.

കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹനനാണ് പ്രതിക്കൂട്ടിലായത്. കഴിഞ്ഞ സമ്മേളനകാലയളവില്‍ ഹൊസ്ദുര്‍ഗ് ലോക്കലിലും തീരദേശ ലോക്കലിലും കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കാന്‍ നല്‍കിയ ബാലറ്റ് പേപ്പറിലാണ് മാര്‍ക്ക് ചെയ്തത്. ഏരിയാ സെക്രട്ടറിയുടെ സംസാരത്തില്‍നിന്നുതന്നെയാണ് ഇതു പുറത്തായത്. ജില്ലാ നേതാക്കള്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെ, ചില നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കുന്നുവെന്നും ഇതെല്ലാം കണ്ടുപിടിക്കുന്നുണ്ടെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.

ഇതിന് ഉദാഹരണമാക്കിയതായിരുന്നു ലോക്കല്‍ സമ്മേളന തിരഞ്ഞെടുപ്പ്. ആരൊക്കെ ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന് കണ്ടുപിടിച്ചിട്ടുണ്ടെന്ന ഏരിയാ സെക്രട്ടറിയുടെ വാക്കില്‍ കമ്മിറ്റിയംഗങ്ങള്‍ ഞെട്ടി. എങ്ങനെയാണ് കണ്ടുപിടിച്ചതെന്നായി ജില്ലാ നേതാക്കള്‍. ബാലറ്റ്പേപ്പറില്‍ മാര്‍ക്കിട്ട കാര്യം ഏരിയാ സെക്രട്ടറി തന്നെ പറയുകയും ചെയ്തു.

പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സെക്രട്ടറിക്കെതിരേ ചിലര്‍ സംസ്ഥാനകമ്മിറ്റിക്ക് പരാതിയും നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇത് വിഷയമായി അവതരിപ്പിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇങ്ങനെയൊരു രീതി ഈ പാര്‍ട്ടിയിലില്ലെന്നും തികഞ്ഞ അച്ചടക്കലംഘനമാണ് ഏരിയാ സെക്രട്ടറി കാണിച്ചതെന്നും ജയരാജന്‍ തുറന്നുപറഞ്ഞു.

തുടര്‍ന്ന് ഏരിയാ സെക്രട്ടറി മാപ്പ് പറഞ്ഞു. ഇതുസംബന്ധിച്ച ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാനേതൃത്വം നിര്‍ദേശിച്ചു. കഴിഞ്ഞ ദവസം നടന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തപ്പോള്‍, അംഗങ്ങള്‍ പലരും ഏരിയാ സെക്രട്ടറിയുടെ ചെയ്തികള്‍ക്കെതിരേ കനത്ത പ്രതിഷേധമാണറിയിച്ചതെന്നറിയുന്നു. അവിടെയും ഏരിയാ സെക്രട്ടറി മാപ്പ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News