തിരുവനന്തപുരം : കേരള സർവകലാശാലയിൽ വീണ്ടും വൻ മാർക്ക് തട്ടിപ്പ് നടന്നതായി കണ്ടെത്തൽ . സർവകലാശാല പ്രൊ വൈസ് ചാൻസിലറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കേരള സർവകലാശാലയുടെ ബി എസ് സി പരീക്ഷയിൽ 380 വിദ്യാർത്ഥികൾക്ക് മാർക്ക് കൂട്ടി നൽകുകയും തോറ്റ 23 പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതിനു പിന്നാലെ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പരീക്ഷയിൽ വ്യാപകമായ തിരിമറി നടന്നതായാണ് കണ്ടെത്തൽ.
ഒരു വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടി നൽകിയതായി കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ വിഭാഗത്തിലെ ഒരു സെക്ഷൻ ഓഫീസറെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് പ്രൊ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥൻ മറ്റു നൂറോളം വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തിയാതായി ഉള്ള ആക്ഷേപങ്ങൾ നിലനിൽക്കെ യൂണിവേഴ്സിറ്റി അധികൃതർ തിരിമറി രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മാർക്ക് കൂട്ടി നൽകുന്നതിന് വിദ്യാർഥികളിൽ നിന്ന് ചില ജീവനക്കാർ വലിയ തുക പ്രതിഫലമായി കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
സർവകലാശാല പരീക്ഷവിഭാഗത്തിലെ മറ്റു സെക്ഷനുകളിലും ഇതേ രീതിയിൽ കമ്പ്യൂട്ടർ പാസ്‌വേഡ് ഉപയോഗിച്ച് വ്യാപകമായ രീതിയിൽ മാർക്ക് തട്ടിപ്പ് നടക്കുന്നതായി ആക്ഷേപമുണ്ട്.