ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം. നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്–1–മാക്സ്’ (Dok-1-Max) എന്ന കഫ് സിറപ്പ് കഴിച്ച 18 കുട്ടികളാണ് മരിച്ചത്.
മാരിയോൺ ബയോടെക്കിന്റെ ഉല്‍പാദന ലൈസന്‍സ് റദ്ദാക്കും. ഇതു സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സിറപ്പില്‍ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ശേഖരിച്ച 36 സാംപിളുകളില്‍ 22ലും വിഷാംശം ഉണ്ട്.
‘ഡോക്–1–മാക്സ്’ കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന വാർത്ത പുറത്തുവന്നത്. ആരോപണം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് (ഡിസിജിഐ) നിര്‍ദേശം നല്‍കിയിരുന്നു.
മരുന്നു കമ്പനിയായ മാരിയോണ്‍ ബയോടെക്കില്‍നിന്ന് ഡിസിജിഐ റിപ്പോര്‍ട്ട് തേടി. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്–1 മാക്സ്’ ടാബ്‍ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.