തൃശ്ശൂര്‍: മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും മറ്റ് സാധനങ്ങളും പുതുക്കുന്നതിനുമാണ് അദ്ദേഹം വഴിപാടായി പണം നല്‍കിയത്.
രണ്ട് ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രത്തില്‍ എത്തി പ്രിയദര്‍ശന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഇന്ന് മുതലാണ് മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം തുടങ്ങിയത് മുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മലയാളസിനിമയില്‍ പുതുചരിത്രം കുറിച്ച് തിയേറ്ററുകളെ പൂരപ്പറമ്പാക്കി മരയ്ക്കാര്‍ പ്രദര്‍ശനം പുരോഗമിക്കുകയാണ്. അര്‍ധരാത്രിയിലെ ആദ്യ പ്രദര്‍ശനത്തിന്റെ ആവേശത്തില്‍ പങ്കുചേരാന്‍ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തിയറ്ററിലെത്തി. നാലായിരത്തോളം തിയേറ്ററുകളാണ് മരയ്ക്കാറിനായി മാറ്റിവച്ചിരിക്കുന്നത്. നേരം ഇരുട്ടിയതുമുതല്‍ തിയേറ്ററുകളിലെല്ലാം പള്ളിപ്പെരുന്നാളിന്റെ ആവേശമായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ പല തവണ മരക്കാറിന്റെ റിലീസ് മാറ്റിവച്ചിരിന്നു. ലോകമാകമാനമുള്ള 4100 സ്‌ക്രീനുകളിലായി പ്രതിദിനം പതിനാറായിരം ഷോയാണ് ചിത്രത്തിനുള്ളത്. സംസ്ഥാനത്തെ 632 സ്‌ക്രീനില്‍ 626 സ്‌ക്രീനിലും മരക്കാര്‍ എത്തി. ചിത്രത്തിന്റെ സാറ്റലൈറ്റ് ഒടിടി അവകാശം മാത്രം അറുപത്തിയഞ്ച് കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് സൂചന.
ആദ്യദിനങ്ങളിലെ ഷോകളുടെ എണ്ണം ചൂണ്ടിക്കാട്ടി റിസര്‍വേഷനിലൂടെ മാത്രം ചിത്രം നൂറു കോടി രുപ നേടിയെന്ന് അണിയറക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളത്തിലും ഇതരഭാഷകളിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദേശഭാഷാന്തരങ്ങള്‍ക്ക് അതീതമായ താരനിരയുണ്ട്.