തൃശൂർ: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെതിരെ ജയിലിൽ വച്ച് വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് അനീഷിനെ വധിക്കാൻ ശ്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ അനീഷിന് പരിക്കേറ്റു. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആക്രമണത്തിന് ഇരയായ മരട് അനീഷ്. രണ്ടാഴ്‌ച മുൻപാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
രാവിലെ ഭക്ഷണവിതരണത്തിനിടെയുണ്ടായ തര്‍ക്കമാണ് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ കൊടിസുനി ഉള്‍പ്പെടെയുള്ള തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്‌ത് ആഴ്‌ചകൾക്ക് ശേഷമാണ് അടുത്ത സംഭവം.
കാപ്പ ചുമത്തിയാണ് മരട് അനീഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കൊച്ചിയിലെ ആശുപത്രി വളഞ്ഞാണ് ഇയാളെ അന്ന് പോലീസ് പിടികൂടിയത്. രാത്രി 12.30ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇരുപത്തിയഞ്ചോളം പോലീസുകാരടങ്ങിയ സംഘമാണ് അനീഷിനെ പിടികൂടിയത്.
2022ല്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന വധശ്രമ കേസിലും കഴിഞ്ഞ മാസം പനങ്ങാട് പോലീസ് സ്‌റ്റേഷൻ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും അനീഷിനെ പോലീസ് തേടുകയായിരുന്നു.
ഇതിനിടെ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതാണ് ഇയാളുടെ അറസ്‌റ്റിലേക്ക് നയിച്ചത്.