KeralaNews

മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച

പത്തനംതിട്ട: മാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും മുന്‍ സഭാധ്യക്ഷനുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച മൂന്നിന് തിരുവല്ല എസ്എസി കുന്നിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കബറടക്ക ശുശ്രൂഷ.

പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി അന്തിമോപചാരം അര്‍പ്പിക്കാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി രാവിലെ തന്നെ തിരുവല്ലയിലെത്തി മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചശേഷം ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്നു പുലര്‍ച്ചെ 1.15ന് കുമ്ബനാട് ഫെലോഷിപ്പ് ആശുപത്രിയിലാണ് മെത്രാപ്പോലീത്ത കാലംചെയ്തത്. പ്രായാധിക്യത്തേ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്ന മെത്രാപ്പോലീത്തയുടെ ശാരീരികക്ഷീണം വര്‍ധിച്ചതിനേ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കുമ്ബനാട്ട് മടങ്ങിയെത്തിയത്.

രാത്രിയോടെ രോഗനില വഷളായി. 11.30 ഓടെ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ തൈലാഭിഷേക ശുശ്രൂഷ നടന്നു. തോമസ് മര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പയും സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫും സന്നിഹിതനായിരുന്നു.

രാവിലെ തന്നെ വലിയ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സ്ഥാനവസ്ത്രങ്ങളണിയിച്ച് കസേരയില്‍ ഇരുത്തി സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീനോടു ചേര്‍ന്ന ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെത്തിച്ചു.

മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ 7.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം നടത്തി. മാര്‍ത്തോമ്മ സഭയിലെ ബിഷപ്പുമാര്‍ സന്നിഹിതരായിരുന്നു. മാര്‍ ക്രിസോസ്റ്റത്തിന്റെ ദേഹവിയോഗം അറിഞ്ഞ് വിവിധ സഭാ പിതാക്കന്മാരും ജനപ്രതിനിധികളും തിരുവല്ലയിലേക്ക് പ്രവഹിച്ചു. ആന്റോ ആന്റണി എംപി, നിയുക്ത എംഎല്‍എമാരായ മാത്യു ടി. തോമസ്, വീണാ ജോര്‍ജ് തുടങ്ങിയവര്‍ തിരുവല്ലയിലും കുമ്പനാട്ടുമായി എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button