മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു
കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് (75) അന്തരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട്ടെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണത്തിന് കാരണം. മുൻപ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീർ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
തെങ്കാശിയിൽ ജനിച്ച പീർ മുഹമ്മദ് പിതാവിനൊപ്പം തലശ്ശേരിയിലേക്ക് വരികയായിരുന്നു. നാലാം വസ്സുമുതൽ പാട്ടുകൾ പാടാൻ തുടങ്ങി. ഏഴാം വയസ്സിൽ അദ്ദേഹത്തിന്റെ പാട്ട് റെക്കോർഡു ചെയ്തു. പീർ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
പൂങ്കുയിലിനെ കണ്ഠനാളത്തിൽ ഒളിപ്പിച്ച വ്യക്തിയെന്നാണ് വൈലോപ്പിള്ളി പീർ മുഹമ്മദിനെ വിശേഷിപ്പിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ജനത ട്രൂപ്പിൽ അംഗമായിരുന്ന പീർ മുഹമ്മദ് പിന്നീട് തലശേരിയിൽ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചു.