മാനന്തവാടി: നിരന്തരം മാവോയിസ്റ്റുകൾ എത്തി അക്രമം നടത്തുന്നത് മൂലം തങ്ങളുടെ തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെട്ടതായി കമ്പമലയിലെ എസ്റ്റേറ്റ് തൊഴിലാളികൾ. രണ്ടുതവണയാണ് കമ്പമലയിലെ വനവികസന സമിതിക്ക് കീഴിലുള്ള തേയില തോട്ടങ്ങളിൽ മാവോയിസ്റ്റുകൾ എത്തിയത്.
ആദ്യതവണ എത്തിയ അഞ്ചംഗ സംഘം കെഎഫ്ഡിസിയുടെ ഓഫീസിന്റെ ജനൽ ചില്ലുകളും ഓഫീസിനുള്ളിലെ ഫർണിച്ചറും കമ്പ്യൂട്ടറും അടക്കം തകർത്താണ് സായുധ മാവോയിസ്റ്റ് സംഘം സ്ഥലം വിട്ടത്. ഇതു കഴിഞ്ഞ് ബുധനാഴ്ച വീണ്ടും എത്തിയ ഇതേ സംഘം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ അടക്കം അടിച്ചു തകർക്കുകയായിരുന്നു.
അക്രമം ചോദ്യംചെയ്ത ചില തൊഴിലാളികളുമായി സംഘത്തിലുള്ളവർ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് തങ്ങൾക്ക് തോട്ടങ്ങളിൽ ജോലിക്ക് ഇറങ്ങുന്നത് ഭീതിയായി മാറിയതെന്ന് തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു.
കെഎഫ്ഡിസി അധികൃതരോട് തങ്ങൾക്ക് തൊഴിലെടുക്കാനുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ഓഫീസിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി. 142 ഓളം വരുന്ന തൊഴിലാളികളാണ് വ്യാഴാഴ്ച വനവികസന സമിതിയുടെ ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും എസ്റ്റേറ്റ് അധികൃതർ സംരക്ഷണം നൽകണമെന്നുമായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യം. എസ്റ്റേറ്റിന് സമീപത്തെ വനത്തിൽ നിന്നാണ് മാവോയിസ്റ്റുകൾ എത്തിയത്. ഓരോ തവണ എത്തിയപ്പോഴും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അക്രമം നടത്തിയത്.
കമ്പമലയിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ചയും പോലീസ് വ്യാപക തെരച്ചിലാണ് മാവോയിസ്റ്റ് സംഘത്തിനായി നടത്തിയത്. എന്നാൽ സംഘം എവിടേക്ക് പോയെന്നോ ഏതുവഴി നീങ്ങിയെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും അധികാരികൾക്ക് വ്യക്തത വരുത്താനായിട്ടില്ല.
മാവോയിസ്റ്റ് സംഘമെത്തിയതോടെ സ്തീകളടക്കമുള്ള തൊഴിലാളികൾ ഭീതിയോടെയാണ് ജോലിക്കിറങ്ങിയതെന്ന് പറയുന്നു. കഴിഞ്ഞ 28-ാം തീയതിയാണ് മാവോയിസ്റ്റുകൾ വനവികസന സമിതിയുടെ ഓഫീസ് അടിച്ചുതകർത്തത്. അടിക്കടി മാവോയിസ്റ്റുകൾ ഈ മേഖലയിൽ എത്തുന്നത് ഇവിടുത്തെ തൊഴിലാളി ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.