26.7 C
Kottayam
Monday, May 6, 2024

വയനാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, കൈയിൽ തോക്ക്;തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

Must read

മാനന്തവാടി: തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും ഇവര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫീസില്‍ നാശം വരുത്തി മടങ്ങിയിരുന്നത്.

കമ്പമല പാടിയിലെത്തിയ സായുധസംഘം മാവോവാദി നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. അടിക്കടി മാവോവാദി സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്ന് തോട്ടംതൊഴിലാളികള്‍ പണി മുടക്കിയിരുന്നു.

ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ വീണ്ടും തൊഴിലിടങ്ങളിലേക്കിറങ്ങിയിരുന്നത്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week