അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
കണ്ണൂര്‍: അമ്പായത്തോട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റുകള്‍ പതിപ്പിച്ചത് എന്ന് സംശയിക്കുന്നു. സിപിഐ (എംഎല്‍) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.
എസ്ഡിപിഐ, പി എഫ് ഐ എന്നീ സംഘടനകള്‍ പൗരത്വ ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിലുള്ള മതതീവ്രവാദ പ്രവര്‍ത്തനങ്ങളും ഹവാല, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങള്‍ തിരിച്ചറിയുക, ഓപ്പറേഷന്‍ സമാധാന്‍ തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് തിരിച്ചടി നല്കുക എന്ന സന്ദേശവും മാവോയിസ്റ്റ് പോസ്റ്ററുകളില്‍ ഉണ്ട്.
തിങ്കളാഴ്ച രാത്രിയില്‍ ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസംഘം തന്നെ ആയിരിക്കും കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്റുകള്‍ പതിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.