വയനാട്: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പുതുപ്പാടി മട്ടക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടുനല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി സര്‍ക്കാരുകളുടെ നടപടിക്കെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. താമരശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
സംയുകത സമരത്തിലൂടെ ജനകീയ അധികാരം സ്ഥാപിക്കണമെന്നാണ് മോവോയിസ്റ്റുകളുടെ പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിലെ പ്രധാന ആവശ്യം. ഇതില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മോവോയിസ്റ്റുകള്‍ തയാറാണെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിവച്ചത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.
ജനങ്ങളുടെ നിസഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് നിലപാട്. പദ്ധതി മേഖലയിലെ താമസക്കാരില്‍ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങള്‍ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകള്‍ കേള്‍ക്കണം. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടര്‍ മുഖേന രാജഗിരി സര്‍ക്കാരിനെ അറിയിച്ചത്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു.