വയനാട് : രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ച് മറ്റ് പാര്‍ട്ടികളിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസ് നേതൃത്വം പരാജയമാണെന്ന് ഏറ്റ് പറഞ്ഞാണ് കെപിസിസി സെക്രട്ടറി വിശ്വനാഥന്‍ ഏറ്റവുമൊടുവില്‍ രാജിവെച്ചത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി അംഗം കൂടിയാണ് വിശ്വനാഥന്‍. സിപിഎമ്മിലേക്കാണ് വിശ്വനാഥന്‍ പോകുന്നത്.
കെപിസിസി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയും ജില്ലാ കോണ്‍ഗ്രസ് സമിതിയുടെ അവഗണനയുമാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉള്‍പ്പെട്ട കുറുമ സമുദായത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നതാണ് മറ്റൊരു പരാതി. വയനാട് ജില്ലയില്‍ പ്രധാന ആദിവാസി വിഭാഗമാണ് കുറുമ. ഈ സമുദായത്തെ പ്രതിനിധീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് കഴിഞ്ഞ രണ്ട് തവണയും വിശ്വനാഥന്‍ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. വയനാട്ടിലെ ഡിസിസി നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും വിശ്വനാഥന്‍ പറയുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ എന്‍. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ.
ഐഎന്‍ടിയുടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായിരുന്ന പി.കെ. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. എല്ലാവരും കാരണമായി ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെയാണ്. ഇദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു. നേരത്തെ വയനാട് ജില്ലാ പഞ്ചായത്തംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മുസ്ലിം ലീഗ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എ. ദേവകിയും എല്‍ജെഡിയില്‍ ചേര്‍ന്നു.