ന്യൂഡല്‍ഹി: സാധാരണ പോലെ തന്നെ കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ആദ്യ സൂചനകള്‍ ലഭിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ‘ജൂണ്‍ ഒന്നിനകം കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇത് ആദ്യ കാലസൂചനയാണ്. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനം’ ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ഒരു സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്ന് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നതായും രാജീവന്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16-ന് നടത്തിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു.
കഴിഞ്ഞ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ മഴ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും കാര്‍ഷിക മേഖലയേയും സമ്ബദ് വ്യവസ്ഥയേയും ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.