കൊച്ചി:സോഷ്യല്‍ മീഡിയയുടെ വരവോടെ മാധ്യമങ്ങളില്‍ വരുന്ന പിശകുകള്‍ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അച്ചടി പിശക് മൂലമുള്ള ചെറിയ അബദ്ധങ്ങളായിരിക്കും സംഭവിക്കാറുള്ളത്. എന്നാല്‍ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഗുരുതര പിശകുകളും ഉണ്ടാകാറുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഓസ്‌കാര്‍ പുരസ്‌കാരത്തിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ എയറിലായത്. ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ സംഗീത സംവിധായകന്‍ കീരവാണി താന്‍ കാര്‍പെന്ററിന്റെ സംഗീതം കേട്ടാണ് വളര്‍ന്നത് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മാധ്യമങ്ങള്‍ കാര്‍പെന്റര്‍ എന്ന വാക്ക് തര്‍ജ്ജമ ചെയ്ത് ആശാരി എന്നാക്കി.
പോരേ പൂരം, കീരവാണി ആശാരിമാരുടെ പാട്ട് കേട്ടാണ് വളര്‍ന്നത് എന്നും ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് കീരവാണിയുടെ ഉള്ളില്‍ സംഗീതം ഉടലെടുത്തത് എന്നും വരെ ചിലര്‍ തട്ടിവിട്ടു. എന്നാല്‍ കീരവാണി ഉദ്ദേശിച്ചത് പ്രമുഖ അമേരിക്കന്‍ സംഗീത ബാന്‍ഡായ കാര്‍പെന്ററിനെയായിരുന്നു. 70 കളിലും 80 കളിലും ലോകം മുഴുവന്‍ നിറഞ്ഞ കാര്‍പെന്ററിനെ ആയിരുന്നു കീരവാണി ഉദ്ദേശിച്ചത് എന്ന് മനസിലാക്കിയതോടെ പലരും വാര്‍ത്ത തിരുത്തി.
ഇപ്പോഴിതാ മറ്റൊരു അബദ്ധം കൂടി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. മലയാള മനോരമ ദിനപത്രത്തിലാണ് ഈ അബദ്ധം അച്ചടിച്ച് വന്നിരിക്കുന്നത്. കേരളത്തിലെ പ്രശസ്ത സംഗീതജ്ഞനായ നെയ്യാറ്റിന്‍കര വാസുദേവനെ നെയ്യാറ്റിന്‍കര ഗോപന്‍ എന്നാക്കിയാണ് മനോരമയില്‍ വാര്‍ത്ത വന്നിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ചെയ്ത കേന്ദ്രകഥാപാത്രം നെയ്യാറ്റിന്‍കര ഗോപനായിരുന്നു. ഈ സിനിമയില്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്നും മോഹന്‍ലാലിന്റെ കഥാപാത്രം അറിയപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ആണ് മനോരമ വാര്‍ത്തയെ സോഷ്യല്‍ മീഡിയ എയറിലാക്കുന്നത്. ഈ വര്‍ഷത്തെ നെയാറ്റിന്‍കര വാസുദേവന്‍ പുരസ്‌കാരം സംഗീതജ്ഞന്‍ കെ എസ് വിഷ്ണുദേവിനാണ് ലഭിച്ചിരിക്കുന്നത്. ഇത് അറിയിച്ച് കൊണ്ടുള്ള വാര്‍ത്തയിലാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന് മനോരമ തെറ്റായി കൊടുത്തിരിക്കുന്നത്.
‘ കെ.എസ് വിഷ്ണുദേവിന് നെയ്യാറ്റിന്‍കര ഗോപന്‍ പുരസ്‌കാരം’ എന്നാണ് മനോരമയുടെ വാര്‍ത്തയുടെ തലക്കെട്ട്. എന്നാല്‍ വാര്‍ത്തക്കുള്ളില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന് തന്നെയാണ് മനോരമ കൊടുത്തിരിക്കുന്നത്. തലക്കെട്ടിലെ ഈ പിശക് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
ഭാവിയില്‍ പൂവള്ളി ഇന്ദുചൂഡന്‍ പുരസ്‌കാരവും മുണ്ടക്കല്‍ ശേഖരന്‍ പുരസ്‌കാരവും നര്‍ത്തകന്‍ എസ് കെ വിഷ്ണുശങ്കറിന് ലഭിക്കട്ടെ എന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.വിഷ്ണൂ, എല്ലാം വിധിയെന്നു കരുതി സമാധാനിക്കൂ എന്നാണ് ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര വാസുദേവനെയൊന്നും കേട്ടിട്ടില്ല എന്നും കീരവാണി കേട്ട കൊട്ടും മുട്ടും കേള്‍ക്കുന്ന അവര്‍ക്കറിയാവുന്ന ക്ലാസിക്കല്‍ സംഗീതജ്ഞനായ നെയ്യാറ്റിന്‍കരക്കാരന്‍ തട്ടുപൊളിപ്പടത്തിലെ നെയ്യാറ്റിന്‍കര ഗോപനാണ് എന്നും ശ്രീചിത്രന്‍ പറയുന്നു. ഇപ്പോഴും ആറാട്ട് സിനിമ കഴിഞ്ഞിറങ്ങിയ സുഖമില്ലാത്തൊരു പാവം ചെറുപ്പക്കാരന്റെ പിന്നാലെ മൈക്കും പിടിച്ച് നടക്കുന്ന കൂട്ടരാണ് എന്നും ശ്രീചിത്രന്‍ പറയുന്നു.
നെയ്യാറ്റിന്‍കര ഗോപന്റെ മാത്രമല്ല, മംഗലശ്ശേരി നീലകണ്ഠന്റെയും ജഗന്നാഥന്റെയും പേരിലുള്ള അവാര്‍ഡിന് കൂടി അര്‍ഹനാണ് വിഷ്ണു എന്നാണ് സംഗീതകാരനും ദി മ്യൂസിക് സര്‍ക്കിള്‍ ഗ്രൂപ്പ് അഡ്മിനുമായ അനൂപ് ശിവശങ്കരന്‍ പറയുന്നത്. വിഷ്ണുദേവ് ഇനി ആറാടും എന്നാണ് ചിലര്‍ ഒരേസമയം പുരസ്‌കാര ജേതാവിനെ അഭിനന്ദിച്ചും മലയാള മനോരമയെ ട്രോളിക്കൊണ്ടും പറയുന്നത്.
അതേസമയം മനോരമയുടെ അക്ഷരപിശകില്‍ എല്ലാ മാധ്യമങ്ങളേയും ചിലര്‍ ട്രോളുന്നുണ്ട്. എല്ലാ ദിവസവും എയറില്‍ കയറാന്‍ ശപഥമെടുത്തവരാണ് മാപ്രകള്‍ എന്നാണ് ചിലര്‍ പറയുന്നത്. കര്‍ണാടിക് സംഗീതത്തില്‍ അഗ്രഗണ്യനായ നെയ്യാറ്റിന്‍കര വാസുദേവന്‍ പത്മശ്രീ ജേതാവാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു.
കെ.ജെ. യേശുദാസ്, എം.ജി. രാധാകൃഷ്ണന്‍, തിരുവിഴ ജയശങ്കര്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ നെയ്യാറ്റിന്‍കര വാസുദേവന്റെ സഹപാഠികളായിരുന്നു. 2006-ല്‍ കേരള സര്‍ക്കാര്‍ സ്വാതി പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.