കൊച്ചി:മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകളായി മലയാള സിനിമയിലെ താര സിംഹാസനത്തില്‍് അദ്ദേഹമുണ്ട്. താരപരിവേഷത്തിലും അഭിനയത്തികവിലും ഇനി മോഹന്‍ലാലിനെ പോലൊരാള്‍ വരികയുണ്ടാകില്ലെന്ന് നിസ്സംശയം പറയാം. നേടാനുള്ളതെല്ലാം നേടിയ കരിയര്‍ ആണ് മോഹന്‍ലാലിന്റേത്. ഇപ്പോഴും അദ്ദേഹം മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്നു.
ഓണ്‍ സ്‌ക്രീനില്‍ ഇത്ര വലിയ താരമായിരിക്കുമ്പോഴും ഓഫ് സ്‌ക്രീനില്‍ സൗമ്യനായൊരു വ്യക്തിയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ ഞെട്ടിച്ചു കളഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ മനോജ് കെ ജയന്‍ മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്.
തന്റെ അച്ഛന്റെ സപ്തതി ആഘോഷത്തില്‍ മോഹന്‍ലാല്‍ വന്നതിനെക്കുറിച്ചാണ് മനോജ് കെ ജയന്‍ സംസാരിക്കുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ ജയന്‍ മനസ് തുറക്കുന്നത്. അച്ഛന്റെ സപ്തതിയ്ക്ക് വന്ന മോഹന്‍ലാല്‍ അച്ഛനെ പൊന്നാട അണിയിപ്പിക്കാന്‍ 70 പേരുടെ ക്യൂവില്‍ നിന്നതിനെക്കുറിച്ചാണ് മനോജ് കെ ജയന്‍ മനസ് തുറക്കുന്നത്. അദ്ദേഹത്തെ താന്‍ മുന്നോട്ട് ക്ഷണിച്ചിട്ടും വരാന്‍ കൂട്ടാക്കിയില്ലെന്നും മനോജ് കെ ജയന്‍ പറയുന്നു.
‘ലാലേട്ടനില്‍ കണ്ട മഹത്വം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അച്ഛന്റെ സപ്തതിയുടെ ഫങ്ഷനില്‍ ഉടനീളം ലാലേട്ടന്‍ ഉണ്ടായിരുന്നു. അതിനിടയില്‍ എഴുപത് പേര്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. നമ്മുടെ ആളുകളെല്ലാം ആദ്യം ക്യൂവില്‍ കയറി നിന്നു. സാധാരണ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുള്ള ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് സ്‌പെഷ്യല്‍ എന്‍ട്രി കൊടുക്കും. അവര്‍ ബോഡിഗാര്‍ഡ്‌സുമായി വന്ന് പെട്ടെന്ന് കാര്യം തീര്‍ത്ത് പോവാറാണ് പതിവ്. ഞാന്‍ നോക്കുമ്പോള്‍ ഈ 70 പേരുടെ ക്യൂവില്‍ നടുവിലായി ലാലേട്ടന്‍ നില്‍ക്കുന്നു” എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.
അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല. അദ്ദേഹത്തിനെ കൊണ്ട് ആദ്യം ചെയ്യിപ്പിക്കാം എന്ന് വിചാരിച്ച് ഞാന്‍ അങ്ങോട്ട് ചെന്നുവെന്നാണ് മനോജ് പറയുന്നത്. ആ സമയത്ത് ലാലേട്ടന്റെ മുന്നില്‍ 25 പേരുണ്ടായിരുന്നു. ജുബ്ബയൊക്കെ ഇട്ട് പൊന്നാടയൊക്കെ പിടിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ ക്യൂ നില്‍ക്കുകായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. എന്നാല്‍ തന്റെ അച്ഛന് വേണ്ടിയുള്ള പരിപാടിയല്ല എന്ത് പരിപാടിയാണെങ്കിലും അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ലെന്ന് മനോജ് കെ ജയന്‍ പറയുന്നു..
ലാലേട്ടനോട് അദ്ദേഹത്തിന്റേത് ആദ്യം എടുക്കാമെന്ന് താന്‍ പറഞ്ഞു. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതു. ഞാന്‍ ഇവിടെ നിന്നോളാം. അച്ഛനെ പോലെ മഹാനായൊരു കലാകാരന് വേണ്ടിയല്ലേ, അത് എനിക്കൊരു സന്തോഷമാണ്. ഞാന്‍ ഈ ക്യൂവില്‍ നിന്ന് ചെയ്‌തോളാം എന്ന് ലാലേട്ടന്‍ പറഞ്ഞു എന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. അങ്ങനെ ക്യൂവില്‍ നിന്ന് അദ്ദേഹത്തിന്റെ ഊഴം വന്നപ്പോള്‍ മാത്രമാണ് പൊന്നാട അണിയിച്ചതെന്നും മനോജ് കെ ജയന്‍ നന്നായി ഓര്‍ക്കുന്നുണ്ട്.
ഞാനന്ന് അതിശയിച്ച് പോയി. ഇത്രയും വലിയ മനസുള്ള ആളുകളാണ് ഇവരെന്ന് ചിന്തിച്ചുവെന്നും മനോജ് കെ ജയന്‍ പറയുന്നുണ്ട്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മനോജ് കെ ജയനും മോഹന്‍ലാലും. ഹിഗ്വിറ്റയാണ് മനോജ് കെ ജയന്‍ അഭിനയിച്ച ഒടുവിലത്തെ സിനിമ. നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായി അണിയറയിലുണ്ട്. അതേസമയം മോഹന്‍ലാലിന്റെ മലൈക്കോട്ട വാലിബനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രത്തിന്റെ സംവിധാനം.