കൊച്ചി:മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കാവ്യ മാധവൻ, മുതൽ ദീപ്തി സതി വരെയുള്ള നടിമാർ ആദ്യമായി നായികമാരായെത്തി തിളങ്ങിയത് ലാൽ ജോസ് ചിത്രങ്ങളിലൂടെ ആയിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് കാവ്യ മാധവൻ ആദ്യമായി നായികയാകുന്നത്. ദിലീപ് ആയിരുന്നു നായകൻ. അത്രയും നാൾ ബാലതാരമായി തിളങ്ങിയ കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തിൽ മഞ്ജു വാര്യർക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഇത് പറഞ്ഞാൽ. വിശദമായി വായിക്കാം.
‘ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയ്ക്കായുള്ള കാര്യങ്ങൾ ഞാൻ നീക്കുന്ന സമയത്താണ് ദിലീപിന് മഞ്ജുവിനെ പെട്ടെന്ന് വിവാഹം കഴിക്കണം എന്നൊരു അവസ്ഥയിൽ എത്തുന്നത്. അങ്ങനെ ഒരു രാത്രി മഞ്ജുവിനെ പുള്ളിലെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ അമ്പലത്തിൽ വെച്ച് പിറ്റേന്ന് രാവിലെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു,’
‘ആ രാത്രിയിലെ ഓപ്പറേഷനിൽ അടുത്ത സുഹുത്തുക്കളായ ഞാനും ബിജു മേനോനും കലാഭവൻ മണിയും ഒക്കെ ഉണ്ടായിരുന്നു. അതിനു ശേഷം ഞങ്ങൾ സിനിമയുടെ കാസ്റ്റിംഗിലേക്കും മറ്റും കടന്നു. ശാലിനിയെ ആണ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. ശാലിനിയെ കാണാൻ ഞങ്ങൾ മദ്രാസിൽ ചെന്നു അച്ഛനെ കണ്ടു. അദ്ദേഹത്തെ മുന്നേ അറിയുന്നതാണ്,’
‘അന്ന് അദ്ദേഹം പറഞ്ഞത് മണിരത്‌നത്തിന്റെ സിനിമ ഒരെണ്ണം വന്നിട്ടുണ്ട്. അത് തീരുമാനം ആക്കിയിട്ട് പറയാമെന്നാണ്. എന്നാൽ പിന്നീട് ഞാൻ അറിയുന്ന കമൽ സാറിന്റെ നിറത്തിൽ അഭിനയിക്കാൻ ശാലിനി ഡേറ്റ് നൽകിയെന്നാണ്. രണ്ടും ഒരേസമയമാണ്. അങ്ങനെ അടുത്ത നായികയെ തപ്പാൻ തുടങ്ങി. എന്റെ സിനിമയിൽ എപ്പോഴും പുതിയ നായികമാർ വരുന്നത് എന്ന് ചോദിച്ചാൽ, നിവൃത്തിക്കേട് കൊണ്ടാണ് പലപ്പോഴും പുതിയ ആളുകളെ കണ്ടത്തേണ്ടി വന്നിട്ടുള്ളത്,’
‘ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിങ് തുടങ്ങാറാവുമ്പോൾ എനിക്ക് കിട്ടാതെയാവും. മറവത്തൂർ കനവിൽ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോൾ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. ആ സമയത്താണ് ഷൊർണുർ ഒരു ലൊക്കേഷനിൽ വെച്ച് കാവ്യയേയും അമ്മയെയും കാണുന്നത്,’
‘ഇവരെ ഞാൻ മുൻപ് കണ്ടിട്ടുള്ളതാണ്. അപ്പോൾ കാവ്യാ കുഞ്ഞായിരുന്നു. ഇപ്പോൾ വലിയ കുട്ടി ആയിട്ടുണ്ട്. അങ്ങനെ കാവ്യയുടെ കാര്യം ഓർത്തു. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു,’
‘അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്‌ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അപ്പോൾ മഞ്ജുവാണ് പറഞ്ഞത് അവൾ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്ന്. ചുരിദാർ ഒക്കെ ഇട്ടാൽ ഏത് പെൺകുട്ടിയും മെച്വർ ആയി തോന്നുമെന്ന്. അങ്ങനെ ഞാൻ നീലേശ്വരത്ത് കാവ്യയുടെ വീട്ടിൽ പോയി,’
‘അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചു. അവർക്ക് സന്തോഷമുണ്ട്. പക്ഷെ അവർക്ക് ഒരു പേടിയും ഉണ്ടായിരുന്നു. നായികയായി അഭിനയിച്ചാൽ ആളുകൾ എന്തെങ്കിലും പറയുമോ കല്യാണം നടക്കുമോ എന്നൊക്കെ ആയിരുന്നു പേടി. അവസാനം അവരെ പറഞ്ഞ് കൺവിൻസ് ചെയ്യുകയും കാവ്യ സിനിമയിൽ അഭിനയിക്കുകയുമായിരുന്നു. അന്ന് കാവ്യ ഒമ്പതാം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്,’ ലാൽ ജോസ് പറഞ്ഞു.