EntertainmentKeralaNews

മഞ്‍ജു വാര്യര്‍ നായികയാകുന്ന ‘ലളിതം സുന്ദരം’ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി:മഞ്‍ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ലളിതം സുന്ദരം’. ‘ലളിതം സുന്ദരം’ സിനിമ സംവിധാനം ചെയ്യുന്നത് മഞ്‍ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്. ‘ലളിതം സുന്ദരം’ സിനിമയുടെ വിശേഷണങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മഞ്‍ജു വാര്യര്‍ ചിത്രത്തിന്റെ ട്രെയിലര്‍ (Lalitham Sundaram trailer) പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

വളരെ രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ‘ലളിതം സുന്ദരം’ എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ്  പാടിയ ‘മേഘജാലകം’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടിരുന്നു.’ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ മധു വാര്യരുടെ സുഹൃത്ത് സ്‍കൈഡൈവ് നടത്തിയത് ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും,  ചിത്രത്തിനും, ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി സഹപാഠി രാജിവ് രാഘവനാണ് സ്‍കൈഡൈവ് നടത്തിയത്.’ലളിതം സുന്ദരം’ എന്നെഴുതിയ വസ്‍ത്രം ധരിച്ചു കൊണ്ടായിരുന്നു സ്‍കൈഡൈവിംഗ്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജീവ് രാഘവൻ. 

സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജീവ് രാഘവൻ പറയുന്നത്, ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ‘ലളിതവും സുന്ദര’വുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്‍തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.

മഞ്‍ജു വാര്യരാണ് ചിത്രം നിര്‍മിക്കുന്നതും. മഞ്‍ജു വാര്യർ പ്രൊഡക്ഷൻസിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ സെഞ്ച്വറിയും പങ്കാളിയാകുന്നു.ബിജു മേനോനാണ് ചിത്രത്തില്‍ നായകനാകുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്‍ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ‘ലളിതം സുന്ദര’ത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശൻ, സറീന വഹാബ്,  വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്‍ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും മഞ്‍ജു വാര്യര്‍ക്കും ബിജു മേനോനും പുറമേ ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.;

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുക. ഒരു കോമഡി ഡ്രാമയായിട്ടാകും ചിത്രം റിലീസ് ചെയ്യുക.മധു വാര്യരുടെ ആദ്യ സംവിധാന സംരഭമാണ് ‘ലളിതം സുന്ദരം’. ‘ദ ക്യാംപസ്’, ‘നേരറിയാൻ സിബിഐ’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മധു വാര്യര്‍. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ കാരണമായിരുന്നു ‘ലളിതം സുന്ദരം’ റിലീസിന് വൈകിയത്. എന്തായാലും ഡയറക്ട് ഒടിടിയായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് മധു വാര്യരടക്കമുള്ളവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button