25.2 C
Kottayam
Sunday, May 19, 2024

ഇനി ചാക്കോച്ചന് റെസ്റ്റ് എടുക്കാം ; ദേവദൂതർ ഏറ്റെടുത്ത് മഞ്ജു വാര്യർ, വീഡിയോ

Must read

കൊച്ചി:ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിലെങ്ങും ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’ എന്ന വൈറൽ ഡാൻസാണ് താരം. ഇൻസ്റ്റഗ്രാം റീലുകളിലും വീഡിയോകളിലുമെല്ലാം ‘ദേവദൂതർ’ നിറഞ്ഞുനിൽക്കുകയാണ്. ദുൽഖർ, ധ്യാൻ​ ശ്രീനിവാസൻ, ഗായിക മഞ്ജരി തുടങ്ങി നിരവധി സെലബ്രിറ്റികളും ഈ ഗാനത്തിന് ചുവടുവച്ച് ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും ‘ദേവദൂതർ’ ഡാൻസിന് ചുവടുവച്ചിരിക്കുകയാണ്. കല്യാൺ ജ്വല്ലറിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഏതാനും പെൺകുട്ടികൾക്കൊപ്പം മഞ്ജു ഈ പാട്ടിനൊപ്പം ചുവടുവച്ചത്. മഞ്ജുവിന്റെ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

‘ദേവദൂതർ പാടി’ വീണ്ടും ഹിറ്റാകുമ്പോൾ

Devadoothar Paadi: മലയാളികളുടെ നൊസ്റ്റാൾജിയയുടെ ഉലയിൽ നിന്നും കാലം വീണ്ടും ഊതികാച്ചിയെടുത്ത പാട്ടാണ് കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ എന്ന മാന്ത്രിക ഈണം. 37 വർഷങ്ങൾക്കു മുൻപ് ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിനു വേണ്ടി ഈ പാട്ട് ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണ്. ഒഎൻവി കുറുപ്പിന്റേതായിരുന്നു വരികൾ. അർത്ഥസമ്പന്നമായ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ പാട്ടുകളിലെ എക്കാലത്തെയും മാജിക്കൽ കോമ്പസിഷൻ എന്നു വിളിക്കാവുന്ന ഒരു പാട്ടായി ദേവദൂതർ മാറി.

ശുദ്ധധന്യാസി, ജോഗ് രാഗങ്ങളുടെ ലയനമാണ് ഈ പാട്ടിൽ കാണാനാവുക. മെലഡിയുടെയും ഫാസ്റ്റ് നമ്പറിന്റെയും ഫീൽ ഒരുപോലെ സമ്മാനിക്കുന്ന പാട്ട്. ചിത്രത്തിൽ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം കാണിക്കുന്നതെന്നതിനാൽ ഭക്തിസാന്ദ്രമായൊരു വശവും ഈ പാട്ടിനുണ്ട്. കെ.ജെ യേശുദാസ്, കൃഷ്ണചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേർന്നാണ് മനോഹരമായ ഈ ഗാനം ആലപിച്ചത്.

വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന എന്തോ ഒരു മാജിക് ഈ പാട്ടിൽ ഒളിച്ചിരിപ്പുണ്ട്. അതുകൊണ്ടാവാം ഒരു തലമുറ ഉത്സവപറമ്പുകളിലും ഗാനമേളകളിലും ഈ പാട്ട് പാടി നടന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ പാട്ടൊന്നു കേൾപ്പിക്കേണ്ട താമസം വിസ്മൃതിയുടെ പതിറ്റാണ്ടുകളെ അനായേസേന വകഞ്ഞുമാറ്റി ദേവദൂതർ വീണ്ടും കേൾവിയിൽ സ്വരരാഗമഴയായി പെയ്തിറങ്ങുകയാണ്. ജനറേഷൻ ഗ്യാപ്പോ മാറിയ സംഗീത അഭിരുചികളോ ഒന്നും ‘ദേവദൂതറി’ന്റെ മാജിക്കൽ ഈണത്തിനു മുന്നിൽ തടസ്സമാവുന്നില്ല.

പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിൽക്കാലത്ത് ലോകപ്രശസ്തരായ സംഗീതജ്ഞരായി മാറി. പാട്ടിനായി ഡ്രംസ് വായിച്ചത് ശിവമണി ആണ്. ഗിറ്റാറിൽ ഈണമൊരുക്കിയത് പ്രഗത്ഭനായ ജോൺ ആന്റണി. അന്ന് ദിലീപ് എന്ന് അറിയപ്പെട്ടിരുന്ന എ.ആർ.റഹ്മാൻ ആണ് പാട്ടിനായി കീബോർഡ് വായിച്ചത്.

ദേവദൂതർ എന്ന പാട്ടിന് 37 വർഷത്തെ പഴക്കമാണ് ഉള്ളതെങ്കിൽ ആ ഈണത്തിന് അതിലുമേറെ പഴക്കമുണ്ടെന്നാണ് ഔസേപ്പച്ചൻ പറയുന്നത്. “37 വർഷത്തിനു മുൻപ് ചെയ്ത പാട്ടാണ് ദേവദൂതർ പാടി. പക്ഷേ ഈ പാട്ട് എന്റെ മനസ്സിൽ രൂപപ്പെട്ടിട്ട് അൻപത് കൊല്ലം ആയിട്ടുണ്ടാകും. എന്റെ കൗമാരകാലത്ത് ഞാൻ സ്വന്തമായി കംപോസ് ചെയ്ത് വയലിനിൽ വായിച്ച ബിറ്റ് ആണത്. അമേരിക്കൻ ഫോക്ക് ശൈലിയിലുള്ള ആ ബിറ്റ് വായിക്കുന്നത് എനിക്കൊരു രസമായിരുന്നു,” ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ.

മമ്മൂട്ടിയും സരിതയും നെടുമുടി വേണുവുമായിരുന്നു കാതോട് കാതോരത്തിലെ ആ ഗാനരംഗത്തിൽ നിറഞ്ഞുനിന്നത്. വേദിയിൽ മമ്മൂട്ടിയും സരിതയും ഗായകസംഘവും ചേർന്ന് പാടുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week