തിരുവനന്തപുരം:ബിഗ് സ്ക്രീനില്‍ മാത്രമല്ല, നൃത്തവേദികളിലും പ്രതിഭ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാറുള്ള താരമാണ് മഞ്ജു വാര്യര്‍, അത്തരം വേദികളില്‍ അപൂര്‍വ്വമായി മാത്രമാണ് മഞ്ജു എത്താറുള്ളതെങ്കിലും. നൃത്താസ്വാദകര്‍ ഏറെ ആവേശത്തോടെയാണ് ആ അപൂര്‍വ്വ വേദികള്‍ക്കായി കാത്തിരിക്കാറ്. അത്തരമൊരു വേദി ആസ്വാദകര്‍ക്ക് ഇന്നലെ ലഭിച്ചു. സൂര്യ ഫെസ്റ്റിവലിന്‍റെ സമാപനവേദിയില്‍ കുച്ചിപ്പുടി നൃത്ത നാടകമാണ് മഞ്ജുവും സംഘവും അവതരിപ്പിച്ചത്.
രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തില്‍ കൃഷ്ണന്‍റെ വേഷമായിരുന്നു മഞ്ജുവിന്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്‍റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്‍റേത് ആയിരുന്നു.
അര്‍ജുന്‍ ഭരദ്വാജിന്റെ വരികള്‍ക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ സംഗീതം പകര്‍ന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ രാമു രാജ് ആയിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് മഞ്ജുവിന്റേതടക്കമുള്ള പ്രകടനങ്ങളെ വേദി സ്വീകരിച്ചത്. നൃത്തപരിപാടിയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. നൃത്ത പരിപാടിയുടെ വീഡിയോയ്ക്ക് യുട്യൂബില്‍ നിരവധി കാണികളുണ്ട്.
ആയിഷയാണ് മഞ്ജു വാര്യരുടെ പുതിയ റിലീസ്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്.
പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.