അഞ്ചു വര്‍ഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉള്‍പ്പടെയുള്ള യുവതാരനിര.
നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യര്‍ നടന് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
അവള്‍ക്കൊപ്പമെന്ന് യുവനടിമാര്‍
യുവനടിമാരില്‍ നിരവധി പേരാണ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. പാര്‍വതി, റിമ കല്ലിങ്കല്‍, അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, സാനിയ അയ്യപ്പന്, അഹാന കൃഷ്ണ, പൂര്‍ണിമ ഇന്ദ്രജിത്ത്, നൈല ഉഷ, സയനോര തുടങ്ങിയ നിരവധി പേര് അവള്‍ക്കൊപ്പമെന്ന് കുറിച്ചു.
അതിജീവിച്ചവളെ ബഹുമാനിക്കുക. ഇതാണ് യഥാര്‍ത്ഥ ചങ്കൂറ്റം. ഇതാണ് യഥാര്‍ത്ഥ മാറ്റം. നാണക്കേട് അവളുടേതല്ല. ഒരിക്കല്‍ക്കൂടി വായിക്കൂ- എന്നാണ് അഞ്ജലി മേനോന് കുറിച്ചത്. സംവിധായകന് ആഷിക് അബുവും നടിക്ക് പിന്തുണയുമായി എത്തി.
നടിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലക്കാതിരിക്കാന്‍. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെനില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.