ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. നിലവില്‍ പഞ്ചാബിലെ അനന്ത്പൂര്‍ സാഹിബില്‍നിന്നുള്ള എംപിയാണ് തിവാരി. ലുധിയാന ലോക്സഭാ മണ്ഡലത്തില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയായി തിവാരി മല്‍സരിച്ചേക്കുമെന്നാണു വിവരം.
കോണ്‍ഗ്രസിന്റെ മാധ്യമ മുഖം കൂടിയായ മനീഷ് തിവാരി കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ പലതവണ ഉന്നയിച്ചിരുന്നു. 2019ലെ തിരഞ്ഞെടുപ്പിനുശേഷം ലോക്‌സഭാ കക്ഷി നേതാവായി അധിര്‍ ര?ഞ്ജന്‍ ചൗധരിക്കൊപ്പം കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന പേര് മനീഷ് തിവാരിയുടേത് ആയിരുന്നു. ബിജെപി നേതൃത്വവുമായി മനീഷ് ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നവജ്യോത് സിങ് സിദ്ദുവും പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ആഘാതം സൃഷ്ടിച്ച് മനീഷ് തിവാരിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പഞ്ചാബിലെ മുന്‍ പിസിസി അധ്യക്ഷനായ സിദ്ദുവും കോണ്‍ഗ്രസിലെ മൂന്നു എംഎല്‍എമാരും അടുത്ത ആഴ്ചയോടെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിനു സിദ്ദുവിനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അടുത്തിടെയായി സിദ്ദുവിന്റെ സഹകരണമുണ്ടാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.